ഇന്ത്യന്‍ ടീമിന് വെല്ലുവിളിയാകുന്ന പാക് പേസറുടെ പേര് പുറത്തു പറയില്ല; കാരണം വ്യക്തമാക്കി രോഹിത് ശര്‍മ്മ

ഏഷ്യാ കപ്പിന് പിന്നാലെ ഏകദിന ലോകകപ്പും. ക്രിക്കറ്റ് ലോകത്തെ സംബന്ധിച്ച് ആഘോഷരാവാണ് മുന്നിലുള്ളത്. അതില്‍തന്നെ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടങ്ങളും. ഇന്ത്യ-പാക് പോര് അത് ഇന്ത്യന്‍ ബാറ്റിംഗ് നിരയും പാക് ബോളിംഗ് നിരയും തമ്മിലുള്ള പോരാട്ടമാണെന്ന് പറയാം.

ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യക്ക് വെല്ലുവിളായകുന്ന പാക് പേസര്‍ ആരായിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയോട് ചോദിച്ചപ്പോള്‍ അതിന് ലഭിച്ച മറുപടിയാണ് ശ്രദ്ധ നേടുന്നത്.

പാകിസ്ഥാന്‍ ടീമിലെ പേസര്‍മാരെല്ലാം മികച്ചവരാണ്. ഞാനൊരാളുടെയും പേരെടുത്ത് പറയില്ല.അങ്ങനെ പറഞ്ഞാലത് വിവാദമാവും. അത് മാത്രമല്ല, ഒരാള്‍ നല്ല ബൗളറാണെന്ന് പറഞ്ഞാല്‍ അത് മറ്റെയാള്‍ മോശമാണെന്ന് പറയുന്നതുപോലെയാണ്. അതയാള്‍ക്ക് വിഷമമാകും. രണ്ട് പേരെ പറഞ്ഞാലോ മൂന്നാമത്തെ ബോളര്‍ക്ക് വിഷമമാകും. അതുകൊണ്ട്, എല്ലാവരും നല്ല ബോളര്‍മാരാണെന്ന മറുപടിയാണ് നല്ലത്- രോഹിത് പറഞ്ഞു.

ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ രണ്ടിന് ശ്രീലങ്കയിലെ കാന്‍ഡിയിലിയാണ് ഇന്ത്യ-പാകിസ്ഥാന്‍ ആദ്യ പോരാട്ടം. മത്സര ഫലങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോകുമ്പോഴും കൂടുതല്‍ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ പ്രതീക്ഷിക്കാം. ലോകകപ്പില്‍ ഒക്ടോബര്‍ 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് പോര്.