ഭുവിയെ തഴഞ്ഞ് എന്തിന് അവസാന ഓവര്‍ ആവേശിന് നല്‍കി; ആവേശം പകര്‍ന്ന് രോഹിത്തിന്റെ മറുപടി

ഇന്ത്യ-വിന്‍ഡീസ് അവസാന രണ്ടാം മത്സരത്തില്‍ ഏറെ നിര്‍ണായമായിരുന്നു അവസാന ഓവര്‍. വിന്‍ഡീസിന് ജയിക്കാന്‍ 10 റണ്‍സ് വേണമെന്നിരിക്കെ നായകന്‍ രോഹിത് ശര്‍മ്മ ബോളേല്‍പ്പിച്ചത് അധികം പരിചയ സമ്പന്നനല്ലാത്ത ആവേശ് ഖാനായിരുന്നു. സീനിയറായ ഭുവനേശ്വര്‍ കുമാര്‍ രണ്ട് ഓവര്‍ കൂടി മിച്ചംവെച്ച് നില്‍ക്കുമ്പോഴായിരുന്നു രോഹിത്തിന്റെ ഈ നീക്കം. എന്നാല്‍ ആവേശ് ഖാന് പ്രതീക്ഷ കാക്കാനാകാതെ വന്നപ്പോള്‍ ഇന്ത്യ എതിരില്ലാതെ കീഴടങ്ങി. ഇപ്പോഴിതാ ഭുവനേശ്വറിനെ ഏല്‍പ്പിക്കാതെ അവസാന ഓവര്‍ ആവേശിന് നല്‍കിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്.

‘എല്ലാം മനസിലാക്കി തന്നെയാണ് ആവേശ് ഖാന് അവസരം നല്‍കിയത്. ഭുവനേശ്വറിനെ ഞങ്ങള്‍ക്കറിയാം. അവന്‍ എങ്ങനെ അവസാന ഓവര്‍ എറിയുമെന്നും അറിയാം. എന്നാല്‍ ആവേശിനോ അര്‍ഷ്ദീപിനോ അവസരം നല്‍കിയില്ലെങ്കില്‍ ഇന്ത്യക്ക് വേണ്ടി ഡെത്തില്‍ പന്തെറിയാന്‍ അവര്‍ക്ക് കഴിയുമോ എന്നറിയാന്‍ വേറൊരു വഴിയുമില്ല. ഐപിഎല്ലില്‍ അവര്‍ അത് ചെയ്തിട്ടുണ്ട്. ഇത് ഒരു കളി മാത്രമായിട്ടുള്ളു, അവര്‍ പരിഭ്രാന്തരാകേണ്ടതില്ല. അവര്‍ക്ക് പിന്തുണയും അവസരവും ആവശ്യമാണ്’ രോഹിത് പറഞ്ഞു.

അവസാന ഓവറിലെ ആദ്യ ബോളില്‍ ഒഡിയന്‍ സ്മിത്തായിരുന്നു ക്രീസില്‍. എന്നാല്‍, ആദ്യ ഡെലിവറി നോബോള്‍ എറിഞ്ഞ ആവേശ് ഒരു സിംഗിളും വഴങ്ങി. ഫ്രീഹിറ്റായി എറിഞ്ഞ അടുത്ത പന്തില്‍ ദേവോണ്‍ തോമസ് സിക്സും തൊട്ടടുത്ത പന്തില്‍ ഫോറും നേടി വിന്‍ഡീസിനെ അനായാസം വിജയത്തിലെത്തിച്ചു.

മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ആതിഥേയര്‍ ജയിച്ച് കയറിയത്. സ്‌കോര്‍: ഇന്ത്യ 19.4 ഓവറില്‍ 138നു പുറത്ത്. വെസ്റ്റിന്‍ഡീസ് 19.2 ഓവറില്‍ 5ന് 141. 5 മത്സരങ്ങളുടെ പരമ്പര ഇതോടെ 1-1 ആയി.

മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിലും സ്‌കോറിങ് വേഗം കൂട്ടാനായില്ല. സൂര്യകുമാര്‍ യാദവ് (6 പന്തില്‍ 11), ശ്രേയസ് അയ്യര്‍ (11 പന്തില്‍10), ഋഷഭ് പന്ത് (12 പന്തില്‍ 24), ഹാര്‍ദിക് പാണ്ഡ്യ (31 പന്തില്‍ 31), രവീന്ദ്ര ജഡേജ (30 പന്തില്‍ 27), ദിനേഷ് കാര്‍ത്തിക് (13 പന്തില്‍ 7) എന്നിങ്ങനെയാണ് ബാറ്റര്‍മാരുടെ സംഭാവന. മൂന്നാം മത്സരം ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 8ന് ഇതേ വേദിയില്‍ തന്നെ നടക്കും.