1999 വേള്‍ഡ് കപ്പ് കണ്ട ആര്‍ക്കും തന്നെ മറക്കാന്‍ കഴിയാത്ത താരം, 'സുലു' എന്ന പേരില്‍ നമുക്കിടയില്‍ അറിയപ്പെട്ട ക്രിക്കറ്റര്‍

1991 കാലഘട്ടം. സൗത്താഫ്രിക്കന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടീമായ KwaZulu-Natalന്റെ മുതിര്‍ന്ന കളിക്കാര്‍ക്കൊപ്പം നെറ്റ്‌സില്‍ പന്തെറിഞ്ഞ് പരിശീലിക്കാനായി ഒരു 20 വയസ്സുകാരനായ യുവാവും എത്തുകയുണ്ടായി. അവിടേക്ക് എത്തുന്നതിന് മുമ്പ് ഏതാണ്ട് 4 വര്‍ഷത്തോളം കാലം സൈനിക പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു ആ യുവാവ്.  ആ വേളയില്‍ അയാളിലെ ബൗളിങ്ങിലെ കഴിവുകള്‍ കാണാനിടവന്ന KwaZulu-Natal ടീമിന്റെ മാനേജറാണ് തങ്ങളുടെ ടീമിന്റെ പരിശീലന വേളയിലേക്ക് ക്ഷണിക്കുന്നതും ആ യുവാവ് അവിടേക്ക് എത്തിപ്പെടുന്നതും.

കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഒരു വിദേശ കളിക്കാരനായി അന്നത്തെ സൂപ്പര്‍ താരവും വെസ്റ്റ് ഇന്‍ഡീസ് ബൗളിങ്ങ് ഇതിഹാസവുമായ മാല്‍ക്കം മാര്‍ഷലും KwaZulu-Natal വേണ്ടി കളിക്കാനായി എത്തിപ്പെടുകയാണ്. അങ്ങിനെ നെറ്റ്‌സില്‍ പന്തെറിഞ്ഞികൊണ്ടിരുന്ന ആ യുവാവിനെ മാര്‍ഷല്‍ നന്നായി ശ്രദ്ധിക്കുകയും, അവനിക്ക് വേണ്ട പോലെ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ആ യുവാവിന്റെ പേര് ശരിയായി ഉച്ചരിക്കാനായി മാര്‍ഷല്‍ പാടുപെടുകയാണ്. അതിന് പരിഹാരമായി അവിടത്തെ സുലു (Zulu) ഗ്രോത്ര ഭാഷ സംസാരിക്കാന്‍ നന്നായി കഴിവുണ്ടായിരുന്ന ആ യുവാവിനെ സംബന്ധിച്ച് തനിക്ക് ഉച്ചരിക്കാന്‍ പെട്ടെന്ന് വഴങ്ങുന്ന തരത്തില്‍ ‘സുലു’ എന്ന വിളിപ്പേര് ആ യുവാവിന് മാര്‍ഷല്‍ നല്‍കപ്പെടുകയും ചെയ്തു.

പിന്നീട് മാര്‍ഷലിന്റെ ശിക്ഷണത്തില്‍ തന്റെ കഴിവുകള്‍ വേഗത്തില്‍ പരിശീലിക്കാന്‍ കഴിഞ്ഞ ആ യുവാവ് 1993-94 സീസണിലൂടെ അവരുടെ ഫസ്റ്റ് ക്രിക്കറ്റ് ടീമിനൊപ്പം തന്റെ സീറ്റും ഉറപ്പിച്ചു. അധികം വൈകാതെ 1996-ഓട് കൂടി ഒരു ഫാസ്റ്റ് ബൗളറെന്ന നിലയില്‍ സൗത്താഫ്രിക്കന്‍ ദേശീയ ടീമിലേക്കും ആ കളിക്കാരന്‍ എത്തപ്പെട്ടു.

പിന്നീട് ബാറ്റിങ്ങിലേക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയ ആ യുവ കളിക്കാരനെ അന്നത്തെ സൗത്താഫ്രിക്കന്‍ ക്യാപ്റ്റനായ ഹാന്‍സി ക്രോണിയ മത്സര ഗതിക്കനുസരിച്ച് ഒരു ഹാര്‍ഡ് ഹിറ്റര്‍ ബാറ്റ്‌സ്മാനായി ടീമിന്റെ തുരുപ്പ് ചീട്ടായി ഉപയോഗിക്കുകയും, ശേഷം സൗത്താഫ്രിക്കന്‍ ക്രിക്കറ്റില്‍ പിറന്ന ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരുവനായി മാറുകയും ചെയ്തു.

1999 വേള്‍ഡ് കപ്പ് കണ്ട ആര്‍ക്കും തന്നെ മറക്കാന്‍ കഴിയാത്ത വിധത്തില്‍ ‘സുലു’ എന്ന പേരില്‍ നമുക്കിടയിലും അറിയപ്പെട്ട ലാന്‍സ് ക്ലൂസ്‌നര്‍ ആയിരുന്നു ആ കളിക്കാരന്‍ …..

എഴുത്ത്: ഷമീല്‍ സലാഹ്