ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍?, വാര്‍ണറിന് ഒരൊറ്റ ഉത്തരം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഉസ്മാന്‍ ഖവാജയ്ക്ക് ഓപ്പണിംഗ് പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിലാണ് ഓസ്ട്രേലിയ. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ ടീമിന്റെ പുതിയ ഓപ്പണറായി സ്റ്റീവ് സ്മിത്തിനെ പിന്തുണച്ച് ഡേവിഡ് വാര്‍ണര്‍. അടുത്തിടെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പാക്കിസ്ഥാനെതിരായ തന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ കളിച്ച വാര്‍ണര്‍, ഓസ്ട്രേലിയയുടെ ടെസ്റ്റ് ഓപ്പണറായി വിജയിക്കാന്‍ സ്മിത്തിന് കഴിവുണ്ടെന്ന് പറഞ്ഞു.

‘ഓപ്പണര്‍ റോളില്‍ സ്മിത്ത് നന്നായി പോകുമെന്ന് ഞാന്‍ കരുതുന്നു. അവന്‍ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ ആണ്. വ്യത്യസ്ത സാഹചര്യങ്ങളോടും വെല്ലുവിളികളോടും പൊരുത്തപ്പെടാന്‍ കഴിയുന്ന ഒരാളാണ് സ്മിത്ത്. അതിനാല്‍ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുന്നതില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. അവന്‍ വളരെ നന്നായി ചെയ്യും- വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനെതിരായ 3 മത്സരങ്ങളുടെ പരമ്പരയില്‍, കഴിഞ്ഞ 10 വര്‍ഷത്തോളമായി താന്‍ സ്വയം നിശ്ചയിച്ചിട്ടുള്ള നിലവാരം കണക്കിലെടുത്ത് സ്മിത്തിന് മികച്ച പരമ്പര ഉണ്ടായിരുന്നില്ല. ആറ് ഇന്നിംഗ്സുകളില്‍ സ്മിത്ത് 38.80 ശരാശരിയിലും 40 സ്ട്രൈക്ക് റേറ്റിലും 194 റണ്‍സ് മാത്രമാണ് നേടിയത്.

Read more

വാര്‍ണറിന് പകരക്കാരനായി സ്മിത്തിനൊപ്പം മാര്‍ക്കസ് ഹാരിസ്, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെ ടോപ്പ് ഓര്‍ഡറില്‍ ഖവാജ പങ്കാളിയാക്കാനുള്ള ഓപ്ഷനുകളായി പരിഗണിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ജനുവരി 17 ബുധനാഴ്ച അഡ്ലെയ്ഡ് ഓവലില്‍ ആരംഭിക്കുമ്പോള്‍ ഇതിനുള്ള ഉത്തരവുമാകും.