ഞങ്ങളുടെ ബോളറുമാരുടെ ഏറ്റവും മികച്ച പ്രകടനം കാണാൻ പോകുന്നതേ ഉള്ളു, ഇന്ത്യക്കെതിരായ തോൽവിയോടെ വെറുതെ എഴുതിത്തള്ളരുത്; ഓസ്‌ട്രേലിയയെ ഞങ്ങൾ തകർത്തെറിയും: മുഹമ്മദ് റിസ്വാൻ

ഏകദിന ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരനായ ബാബറിന് ടൂർണമെന്റിൽ ഇതുവരെ അത്ര മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. എന്നാൽ പാകിസ്താനെ ഏറ്റവും അധികം വിഷമിപ്പിക്കുന്നത് അവരുടെ ബോളറുമാരുടെ മോശം പ്രകടനമാണ്. അവരുടെ ഏറ്റവും വലിയ ആയുധമാക്കി അവർ കരുതിയിരുന്ന താരങ്ങൾക്ക് ആർക്കും മികച്ച ടീമുകൾക്ക് എതിരെ അത്ര മികച്ച പ്രകടനം നടത്തിയിട്ടില്ല.

ഹാരിസ് റൗഫും ഹസൻ അലിയും മോശം പ്രകടനം തുടരുമ്പോൾ അഫ്രീദി തുടക്കത്തിലെ വിക്കറ്റ് വീഴ്ത്താൻ പാടുപെട്ടു. സ്പിന്നർമാരായ ഷദാബ് ഖാനും മുഹമ്മദ് നവാസും മധ്യ ഓവറുകളിൽ പാക്കിസ്ഥാന് നിർണായക വിക്കറ്റുകൾ നല്കാൻ പാടുപെട്ടു. എന്നാൽ റിസ്വാൻ തന്റെ ബോളറുമാരുടെ കാര്യത്തിൽ പ്രതീക്ഷ കൈവിട്ടിട്ടില്ല. അവർ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷയായി പറഞ്ഞു:

“ഞങ്ങൾ പ്രവചനാതീതരാണെന്ന് എല്ലാവരും പറയുന്നു, എന്നാൽ ലോകത്തിലെ മികച്ച ബൗളർമാർ ഞങ്ങളുടെ പക്കലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,” റിസ്വാൻ പറഞ്ഞു. “നമ്മുടെ സ്പിന്നർമാർ വിക്കറ്റ് വീഴ്ത്തുന്നില്ലെന്ന് എല്ലാവരും കരുതുന്നു, പക്ഷേ അവരുടെ ബൗളിംഗ് നോക്കിയാൽ അവർ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു. ഷദാബിനും നവാസിനും എപ്പോൾ വേണമെങ്കിലും മത്സരം നമുക്ക് അനുകൂലമാക്കാൻ പറ്റും”

ഇതുവരെ പാതിവഴിയിൽ എത്തിയിട്ടില്ലാത്ത ലോകകപ്പ് ഇതിനകം രണ്ട് വലിയ അട്ടിമറികൾ കണ്ടു – നെതർലാൻഡ്‌സ് നന്നായി മുന്നേറിയിരുന്ന ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചപ്പോൾ നിലവിലെ ചാമ്പ്യൻ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാന്റെ സ്പിന്നർമാർ വീഴ്ത്തുകയും ചെയ്തു. ഓരോ മത്സരവും നിർണായകമാണെന്നും റിസ്വാൻ പറഞ്ഞു. “ഞങ്ങൾ ഓസ്‌ട്രേലിയയുടെ വെല്ലുവിളിക്കായി കാത്തിരിക്കുകയാണ്. ഒരു മത്സരം തോറ്റെന്ന് ഓർത്ത് ഞങ്ങളുടെ ലക്ഷ്യം മറന്നിട്ടില്ല.” താരം പറഞ്ഞു.