നാഴികക്കല്ലായ മത്സരത്തിലും സെഞ്ച്വറി അകന്നു തന്നെ ; പക്ഷേ വിരാട്‌ കോഹ്‌ലി മറ്റൊരു നേട്ടമുണ്ടാക്കി...!!

കരിയറിലെ നാഴികക്കല്ലായി മാറിയ മത്സരത്തിലും രണ്ടുവര്‍ഷമായി പരിഹസിച്ചു കൊണ്ടിരിക്കുന്ന സെഞ്ച്വറിനേട്ടം ഇന്ത്യയുടെ മുന്‍നായകന്‍ വിരാട്‌കോഹ്ലിയെ അനുഗ്രഹിച്ചില്ല. അര്‍ദ്ധശതകത്തിന് തൊട്ടുമുമ്പ് പുറത്തായെങ്കിലും കരിയറില്‍ മറ്റൊരു നേട്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ താരത്തിനായി. ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് എന്ന നേട്ടമാണ് കോഹ്ലി നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനായിട്ടാണ് കോഹ്ലി മാറിയത്. നാട്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ആശാന്‍ ദ്രാവിഡിന്റെ റെക്കോഡ് മറികടക്കാന്‍ പക്ഷേ കോഹ്ലിയ്ക്ക് പറ്റിയില്ല.

വളരെ ശ്രദ്ധ്യോടെ ബാറ്റ് വീശിയിട്ടും വ്യക്തിഗത സ്‌കോര്‍ 45 റണ്‍സില്‍ എത്തിയപ്പോള്‍ എംബുല്‍ഡെനിയയുടെ പന്തില്‍ കോഹ്ലി ക്ലീന്‍ബൗള്‍ഡാകുകയായിരുന്നു. അതേസമയം 38 റണ്‍സ് നേടിയപ്പോള്‍ തന്നെ കരിയറിലെ നാഴികക്കല്ല് പിറന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് തികയ്ക്കുന്ന ആറാമത്ത ഇന്ത്യന്‍ താരമായിട്ടാണ് കോഹ്ലി മാറിയത്. അതുപോലെ തന്നെ ഏറ്റവും വേഗത്തില്‍ 8000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമാകാനും കഴിഞ്ഞു. 15921 റണ്‍സ് സമ്പാദ്യമുള്ള സച്ചിനാണ് ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സുള്ളയാള്‍. തൊട്ടുപിന്നാില്‍ 13,288 റണ്‍സുമായി നിലവിലെ പരിശീലകന്‍ രാഹുല്‍ദ്രാവിഡും 10,122 റണ്‍സുമായി സുനില്‍ ഗവാസ്‌ക്കറും 8781 റണ്‍സുമായി ലക്ഷ്മണും 8586 റണ്‍സുമായി സെവാഗുമാണ് 8000 പിന്നിട്ടവര്‍.

ഈ പരമ്പരയില്‍ 237 റണ്‍സ് എടുക്കാനായാല്‍ ശ്രീലങ്കയ്ക്ക് എതിരേ നാട്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരമായി കോഹ്ലിമാറും. പിന്നിലായി പോകുക നിലവിലെ ആശാന്‍ രാഹുല്‍ ദ്രാവിഡ് തന്നെയായിരിക്കും. ശ്രീലങ്കയ്ക്ക് എതിരേ നാട്ടില്‍ 655 റണ്‍സാണ് കോഹ്ലി ഇതുവരെ നേടിയിട്ടുള്ളത്. ഇതില്‍ മൂന്ന് സെഞ്ച്വറികളുമുണ്ട്. കൊല്‍ക്കത്തയില്‍ 2017 ല്‍ നേടിയ 104 നോട്ടൗട്ട്, 2017 ല്‍ നാഗപൂരില്‍ നേടിയ 213, 2017 ല്‍ ഡല്‍ഹിയില്‍ നേടിയ 243 എന്നിവയാണ് കോഹ്ലി ലങ്കയ്ക്ക് എതിരേ നാട്ടില്‍ നേടിയിട്ടുള്ള സെഞ്ച്വറികള്‍.