ഞാൻ പതുക്കെ കളിച്ചത് അതുകൊണ്ടാണ്, അത് മനസ്സിലാക്കിയിട്ട് ട്രോളുക; വെളിപ്പെടുത്തലുമായി രാഹുൽ

ഇന്നലെ നടന്ന മത്സരത്തിൽ ചിന്നസ്വാമിയിൽ എത്തി ഞങ്ങളുടെ കെ.ജി.എഫിനെ (കോഹ്ലി, ഫാഫ്, മാക്സ്‌വെല്‍ ) തകർക്കാൻ പറ്റിയ ആരുണ്ടെന്ന ബാംഗ്ലൂരിന്റെ ചോദ്യത്തിന് ലക്നൗ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു- ” ഞങ്ങൾക്ക് ഒരു ബീസ്റ്റ് ഉണ്ട്, അയാളുടെ പേര് നിക്കോളാസ് പൂരന്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിൻറെ 214 റൺസ് പിന്തുടരുന്ന ലക്നൗ തുടക്കത്തിലേ വലിയ തകർച്ചക്ക് ശേഷം മനോഹരമായി തിരിച്ചെത്തി 1 വിക്കറ്റിനാണ് എല്ലാവരും എഴുതി തള്ളിയ ശേഷം ജയം നേടിയത്.

വലിയ ലക്ഷ്യത്തിന് മുന്നിൽ ബാറ്റ് ചെയ്ത ലക്നൗ ബാറ്റിംഗ് തകർച്ചയോടെ ആയിരുന്നു തുടങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ മയേഴ്സിനെ അവർക്ക് തുടക്കം തന്നെ നഷ്ടമായി. ആദ്യ ഓവറിൽ തന്നെ സിറാജാണ് താരത്തെ മടക്കിയത്. തൊട്ടുപിന്നാലെ തന്നെ അവർക്ക് ദീപക്ക് ഹൂഡയെയും നഷ്ടമായി. പിന്നാലെ തന്നെ കഴിഞ്ഞ മത്സരത്തിലെ ഹീറോ ക്രുനാല്‍ പാണ്ഡ്യയെയും നഷ്ടമായ ലഖ്നൗ വലിയ തോൽവി നേരിടുമെന്ന് ഏവരും ഉറപ്പിച്ചു. എന്നാൽ ഒരറ്റത്ത് മനോഹരമായ ടെസ്റ്റ് ഇന്നിംഗ്സ് കളിച്ച കെ.എൽ രാഹുലിനെ സാക്ഷിയാക്കി മറുവശത്ത് മാര്‍ക്കസ് സ്റ്റോയിനിസ്(30 പന്തില്‍ 65) തകര്‍ത്തടിച്ചതോടെ ലഖ്നൗ സ്കോറിംഗ് വേഗം കുറയാതെ കാത്തു.

പത്താം ഓവറില്‍ ആണ് കെ എല്‍ രാഹുല്‍ 20 (18) പുറത്തായത്. സത്യത്തിൽ അവിടെയാണ് ബാംഗ്ലൂർ മത്സരം തോറ്റത് എന്നുപറയാം. ആ ക്യാച്ച് കോഹ്ലി പിടിച്ചില്ലായിരുനെങ്കിൽ ഒരു പക്ഷെ 50 ലധികം റൺസിന് ലക്‌നൗ തോൽക്കുമായിരുന്നു. രാഹുൽ പുറത്തായ ശേഷം ക്രീസിലെത്തിയ വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാന്‍(19 പന്തില്‍ 62), ഇംപാക്ട് പ്ലയറായി ഇറങ്ങിയ ആയുഷ് ബദോനി(24 പന്തില്‍ 30 എന്നിവരുടെ മികവിലാണ് ലക്നൗ 1 വിക്കറ്റിന് ജയിച്ചത്.

മത്സരത്തിൽ ടീം ജയിച്ചെങ്കിലും രാഹുലിന്റെ സ്ലോ ബാറ്റിംഗ് രീതിക്ക് വലിയ ട്രോളുകളാണ് പിറക്കുന്നത്. താരം കൂടി പുറത്തിരുന്നാൽ ടീം ഗതിപിടിക്കുമെന്നാണ് ആരാധകർ പറയുന്നത്. തനിക്ക് നേരെ ഉയരുന്ന വിമർശനത്തെ കുറിച്ചും സ്ലോ ബാറ്റിംഗ് രീതിയെ കുറിച്ചും രാഹുൽ പറയുന്നത് ഇങ്ങനെയാണ്. “എനിക്ക് ഇ രീതി അനുയോജ്യമല്ല എന്നറിയാം. കൂടുതൽ റൺസ് നേടാനും സ്ട്രൈക്ക് റേറ്റ് ഉയർത്താനും ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ രണ്ട് ലഖ്‌നൗ വിക്കറ്റുകളിൽ കളിച്ച ശേഷമാണ് എത്തുന്നത്, ഇന്ന് ഞങ്ങൾക്ക് തുടക്കം 3 വിക്കറ്റുകൾ നഷ്ടപ്പെട്ടു. അതിനാലാണ് ഞാൻ പതുക്കെ കളിച്ചത്.

“അവസാനം വരെ ക്രീസിൽ നിൽക്കാനും നിക്കിക്കൊപ്പം(നിക്കോളാസ് പുരാന്‍) കളിക്കാനും ഞാൻ ആഗ്രഹിച്ചു. 5, 6, 7 ബാറ്റ് ചെയ്യുന്നതാണ് കളിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള പൊസിഷനുകൾ, അവിടെയാണ് ടീമുകൾ ഗെയിമുകൾ ജയിക്കുകയും തോൽക്കുകയും ചെയ്യുന്നത്. മാർക്കസിലെയും നിക്കിയിലെയും ശക്തിയെക്കുറിച്ച് നമുക്കറിയാം, ആയുഷും ഒപ്പം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം അദ്ദേഹം 2-3 മികച്ച ഇന്നിംഗ്സുകൾ ഞങ്ങൾക്കായി കളിച്ചിട്ടുണ്ട്.” രാഹുൽ പറഞ്ഞ് നിർത്തി.

എന്തായാലും ബാറ്റിംഗ് ഫോമിൽ വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം തുടർന്നില്ലെങ്കിൽ രാഹുലിന് ഇന്ത്യൻ ടീമിൽ സ്ഥാനം കാണില്ല.