നമ്മുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ആ താരമാണ്, ഈ വിജയം ഇന്ത്യക്ക് വേണ്ടി: സൂര്യകുമാർ യാദവ്

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. പാകിസ്താനെതിരെ 61 റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ സൂപ്പർ 8 ലേക്ക് ഇന്ത്യ രാജകീയമായി പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ഇഷാൻ കിഷനും, ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. മത്സരശേഷം സൂര്യകുമാർ സംസാരിച്ചു.

‘ഈ വിജയം ഇന്ത്യയ്ക്ക് വേണ്ടിയാണ്. കളിക്കാന്‍ ആഗ്രഹിച്ച അതേ ബ്രാന്‍ഡ് ക്രിക്കറ്റ് തന്നെയാണ് ഞങ്ങള്‍ കളിച്ചത്. ഈ വിക്കറ്റില്‍ ആദ്യം ബാറ്റുചെയ്യുന്നതുതന്നെയായിരുന്നു നല്ല ഓപ്ഷന്‍. ഇഷാന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു വിക്കറ്റ് നഷ്ടമായതിന് ശേഷം ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു. ഇഷാന്‍ അത് ചെയ്ത രീതി വളരെ മികച്ചതായിരുന്നു’, സൂര്യകുമാര്‍ പറഞ്ഞു.

ടോസ് നഷ്ടപെട്ട ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ അഭിഷേക് ശർമ്മയെ നഷ്ടമായി. പിന്നീട് ഇഷാൻ കിഷൻ 40 പന്തിൽ 10 ഫോറും 3 സിക്‌സും അടക്കം 77 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ച്ച വെച്ചു. കൂടാതെ സൂര്യകുമാർ യാദവ് 32 റൺസും, ശിവം ദുബൈ 27 റൺസും, തിലക് വർമ്മ 25 റൺസും നേടിയതോടെ ഇന്ത്യൻ സ്കോർ 175-ൽ തീർന്നു.

ബോളിങ്ങിൽ ഇന്ത്യക്കായി ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, ഹർദിക് പാണ്ട്യ, വരുൺ ചക്രവർത്തി എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി. കൂടാതെ കുൽദീപ് യാദവ്, തിലക് വർമ്മ എന്നിവർ ഓരോ വിക്കറ്റുൾ വീതവും വീഴ്ത്തി.