തീയില്‍ കുരുത്തൊരു യശസ്സ്, ആ കരിയര്‍ ഇന്റര്‍നാഷണല്‍ ലെവലിലെ പൊരി വെയിലില്‍ വാടില്ലെന്നുറപ്പാണ്

Suresh Varieth

ക്രിക്കറ്റിന്റെ ഇന്റര്‍നാഷണല്‍ ഗ്ലാമറിന്റെ നിലാവില്‍ മുങ്ങി നിവര്‍ന്ന വിരാട് കോലിയെയും രോഹിത് ശര്‍മയെയും രവീന്ദ്ര ജഡേജയെയും ഏറ്റവും പുതിയ സെന്‍സേഷന്‍ ഋഷഭ് പന്തിനെയും പോലുള്ളവരെ പാടി പുകഴ്ത്തുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് സൗകര്യപൂര്‍വം വിസ്മരിച്ച ചില പേരുകളുണ്ട്, ഇന്ത്യന്‍ യൂത്ത് ടീമുകള്‍ക്ക് പറയാന്‍…..

അമോല്‍ മജുംദാര്‍, റിതീന്ദര്‍ സോധി മുതല്‍ അശോക് ഡിണ്ട വരെ ഒരു പാട് പേര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പ്രതീക്ഷകളിലൂടെ പന്തെറിഞ്ഞ് എവിടെയുമെത്താതെ നിന്നവരാണ്. കുറഞ്ഞ പക്ഷം തീഷ്ണമായ ജീവിതാനുഭവങ്ങളിലെങ്കിലും യശസ്വി ജൈസ്വാള്‍ എന്ന ഈ ഉത്തര്‍പ്രദേശ്കാരന്‍ മറ്റാരെക്കാളും കാതങ്ങള്‍ മുന്നിലാണ്.

യു.പിയിലെ സുറിയാവന്‍ എന്ന സ്ഥലത്തെ ചെറിയ ഹാര്‍ഡ്വെയര്‍ കച്ചവടക്കാരനായ ഭൂപേന്ദ്ര ജൈസ്വാളിന് മകന്‍ യശസ്വിയുടെ ക്രിക്കറ്റ് പ്രാന്ത് കണ്ടില്ലെന്ന് നടിക്കാനാവുമായിരുന്നില്ല. തന്റെ ദാരിദ്യം മകനെ എങ്ങുമെത്തിക്കില്ലെന്ന് ബോധ്യമുള്ളതിനാലാവാം അവനെ അദ്ദേഹം മുംബൈയില്‍ മുസ്ലിം ക്രിക്കറ്റ് ക്ലബിലെ മാനേജറായ ബന്ധുവിനെ ഏല്‍പ്പിച്ചത്. തന്റെ ജീവിതം തന്നെ കഷ്ടപ്പാടിലായ അമ്മാവന്‍ ആ പന്ത്രണ്ട് വയസുകാരനെ പുനരധിവസിപ്പിച്ചത് മുംബെയിലെ ഒരു ഡയറി ഫാമിലായിരുന്നു. ഫാമിലെ സഹവാസികളോട് ഒത്തു പോവാന്‍ കഴിയാതിരുന്ന അവന്‍ പഠനവും പ്രാക്ടീസും കഴിഞ്ഞ് ഒരു ദിവസം വന്നപ്പോള്‍ കണ്ടത് സഹമുറിയന്‍മാര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ സ്വന്തം ബാഗേജ് ആയിരുന്നു…. യശസ്വിയുടെ യഥാര്‍ത്ഥ ജീവിതം തുടങ്ങുന്നത് അവിടെയാണ്.

പഠനത്തിനിടെ സമയമുണ്ടാക്കി പ്രാക്ടീസ് ചെയ്യും, ടെന്നീസ് ബാള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കും, ടെന്റുകളില്‍ താമസിക്കും, വൈകീട്ട് റോഡരികില്‍ പാനിപുരി വില്‍ക്കും… തന്റെ സഹപാഠികള്‍ കടയില്‍ വരുമ്പോള്‍ അവന്‍ ഒരു പാട് വേദന അനുഭവിച്ചിരിക്കാം….

മൂന്ന് വര്‍ഷത്തെ ടെന്റ് വാസത്തിന് വിരാമമായത് പ്രശസ്ത കോച്ച് ജ്വാല സിങ് യശസ്വിയെ കണ്ടതോടെയാണ്. അവന്റെ ജീവിതം മാറി മറിഞ്ഞത് ആ കണ്ടു മുട്ടലായിരുന്നു. പിന്നീട് അവന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മുംബൈ സര്‍ക്യൂട്ടില്‍ ‘ദ് നെക്സ്റ്റ് ബിഗ് തിങ്’ എന്നവന്‍ വിശേഷിപ്പിക്കപ്പെട്ടു. സെഞ്ചുറികളും വിക്കറ്റുകളും വാരിക്കൂട്ടിയ അവനു വേണ്ടി 18 ആം വയസ്സില്‍ 2.40 കോടി രൂപയാണ് രാജസ്ഥാന്‍ റോയല്‍സ് വിലപേശിയത്.

അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ പാകിസ്ഥാനെ തകര്‍ത്തത് അവന്റെ ബാറ്റിന്റെ പിന്‍ബലത്തിലാണ്. റിതീന്ദര്‍ സോധിയുടെയും ഉന്‍മുക്ത് ചന്ദിന്റെയും തരുവര്‍ കോലിയുടെയും കഥകള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.. യശസ്വി വരുന്നത് തീഷ്ണമായ ജീവിതാനുഭവങ്ങളില്‍ ചവിട്ടിയാണ്. ആ കരിയര്‍ ഒരിക്കലും ഇന്റര്‍നാഷണല്‍ ലെവലിലെ പൊരി വെയിലില്‍ വാടില്ലെന്നുറപ്പാണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍