നായകസ്ഥാനം ഒഴിഞ്ഞശേഷം ആരോടൊക്കെയോ ദേഷ്യമുള്ളതു പോലെയായിരുന്നു സച്ചിന്റെ പരകായപ്രവേശനം

ശരത്ത്

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രണയം എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്, പക്ഷെ ഇവിടെ സൂചിപ്പിക്കുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മറ്റൊരു പ്രണയത്തിനെ കുറിച്ചാണ്. എല്ലാ കളിക്കാര്‍ക്കും മികച്ചത് എന്നൊരു വര്ഷമുണ്ടാവും. ആ വര്‍ഷം ആരെ കൊണ്ടും ആ കളിക്കാരനെ പിടിച്ചടക്കാന്‍ സാധിക്കില്ല. അത്തരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അരങ്ങു തകര്‍ത്ത ഒരു വര്‍ഷമാണ് 1998. എതിരെ നിന്ന കൊലകൊമ്പന്മാര്‍ക്കെതിരെ നിറഞ്ഞാടി സച്ചിന്‍ കൊയ്ത റെക്കോര്‍ഡുകളില്‍ പലതും ഇന്നും തകര്‍ക്കപ്പെടാതെ നിലകൊള്ളുന്നു എന്നത് ആ അഴിഞ്ഞാട്ടത്തിന്റെ തിളക്കം കൂട്ടുന്നു..

ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞശേഷം ആരോടൊക്കെയോ എന്തൊക്കെയോ ദേഷ്യമുള്ളതുപോലെയായിരുന്നു സച്ചിന്റെ പരകായപ്രവേശനം. 1996ല്‍ അഴിച്ചു വച്ച നായകസ്ഥാനത്തെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം വര്‍ഷം ഒരു വര്‍ഷത്തില്‍ ആയിരത്തില്‍ കൂടുതല്‍ റണ്‍സ് എന്ന സ്വപ്നനേട്ടത്തിലേക്കു അദ്ദേഹം എത്തിച്ചേര്‍ന്നു.

പലരും വിധിയെഴുതി സച്ചിന്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്നുപോവുകയാണ് എന്ന്. 1996-97എന്നീ വര്‍ഷങ്ങളില്‍ മാത്രം 8 സെഞ്ചുറികള്‍ സഹിതം നേടിയ 2622 റണ്‍സ് അന്നത്തെ കാലത്തു അതൊരു പുതു അനുഭവം തന്നെ.. കണ്ടത് അത്ഭുതം ഇനി കാണാനിരിക്കുനതു മഹാത്ഭുതം അതായിരുന്നു അടുത്ത വര്‍ഷം.

1998 എന്നും ഒരു ഇന്ത്യന്‍ ആരാധകന്റെ മനസ്സില്‍ സച്ചിനും ഷാര്‍ജയും തന്നെയായിരിക്കും അത്രത്തോളം മികച്ച പടുകൂറ്റന്‍ പ്രകടനങ്ങള്‍… ഷാര്‍ജ മൈതാനിയില്‍ അദ്ദേഹം അടിച്ചു കൂട്ടിയത് 4 സെഞ്ചുറി, ഒരു അര്‍ദ്ധ ശതകം ഉള്‍പ്പെടെ 616റണ്‍സ്, ഒരു വര്‍ഷം ഒരു വിദേശ ഗ്രൗണ്ടില്‍ ഏറ്റവുമധികം ഏകദിന റണ്‍സ്. മൂന്നോ അതിലധികമോ രാജ്യങ്ങള്‍ പങ്കെടുത്ത ഒരു പരമ്പരയില്‍ വിജയിച്ച ടീമിന്റെ ആകെ റണ്‍സില്‍ 50ശതമാനത്തില്‍ കൂടുതല്‍ റണ്‍സ് ഒരു താരം ആദ്യമായി സ്വന്തമാക്കിയതും സച്ചിന്‍ തന്നെ..

ഫൈനലിലോളം പ്രകടമായ 143 ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു ഇന്നിങ്സായി ഇന്നും ഏകദിന ക്രിക്കറ്റില്‍ നിറഞ്ഞു നില്കുന്നു. ഫൈനല്‍ മത്സരങ്ങളില്‍ നേടിയ 6ല്‍ 3സെഞ്ചുറിയും പിറന്നത് അതെ വര്‍ഷം അതെ ഗ്രൗണ്ടില്‍ തന്നെ എന്ന റെക്കോര്‍ഡ് ഇന്നും നിലനില്‍ക്കുന്നു.. സച്ചിന്‍ ആകെ അവര്‍ഷം ആ ഗ്രൗണ്ടില്‍ 10ല്‍ കുറവ് റണ്‍സില്‍ പുറത്തായ സാഹചര്യങ്ങള്‍ ഒരു തവണ മാത്രം..

1894 വര്‍ഷമല്ല സച്ചിന്‍ 98ല്‍ അടിച്ചു കൂട്ടിയ ഏകദിന റണ്‍സാണ്. ടെസ്റ്റ് മത്സരങ്ങള്‍ കുറവായിരുന്നു എങ്കിലും ആ വര്‍ഷത്തില്‍ മൂന്നു സെഞ്ച്വറി അദ്ദേഹം നേടി. ഏപ്രില്‍ ഒന്ന് മുതല്‍ ഏപ്രില്‍ 24വരെ അഞ്ച് മാന്‍ ഓഫ് ദി മാച്ച്. ഇത്തരത്തില്‍ സ്വന്തമാക്കിയ രണ്ടാമത്തെ താരവും സച്ചിന്‍ തന്നെ 12 സെഞ്ചുറി ആണ് അദ്ദേഹം ആ വര്‍ഷം അടിച്ചു കൂട്ടിയത്. കൂടാതെ 24വിക്കറ്റും 14ക്യാച്ച്, ഒരു അഞ്ച് വിക്കറ്റ് പ്രകടനം. ഒരു മത്സരത്തില്‍ തന്നെ സെഞ്ച്വറി &നാല് വിക്കറ്റ് പ്രകടനം, 9 മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരിസ് മുതലായവ വേറെ..

ഫൈനല്‍ മത്സരങ്ങളില്‍ നിന്നുമാത്രം നാലു ശതകങ്ങള്‍ അദ്ദേഹം നേടി മാത്രവുമല്ല എല്ലാ ഫൈനലുകളിലും സച്ചിന്‍ വിജയിച്ചു കയറി. ഏകദിനത്തില്‍ ആദ്യമായി ആദ്യ വിക്കറ്റില്‍ 200+റണ്‍സ് കൂട്ട്‌കെട്ട്, ഫൈനലില്‍ 10വിക്കറ്റ് വിജയം എന്നിവ സ്വന്തമാക്കിയത് ഈ വര്‍ഷം തന്നെ.. സച്ചിന്റെ എതിരാളിയായി ലോകം മുഴുവന്‍ വാഴ്ത്തപ്പെടുന്ന പല ബൗളര്‍മാരും ആ വര്‍ഷത്തില്‍ സച്ചിനെതിരെ വിയര്‍ക്കുന്ന കാഴ്ച പതിവായിരുന്നു. പലരും മത്സരങ്ങളില്‍ നിന്നും വിട്ടുമാറി, ഷെയിന്‍ വോണ്‍ സ്വപ്നത്തില്‍ പോലും ഞെട്ടിയുണര്‍ന്നു. ഓസ്ട്രേലിയന്‍ നായകന്‍ പറഞ്ഞ വാക്കുകളിലുണ്ട് സച്ചിനിലെ അപകടകാരി എത്രത്തോളമായിരുന്നുവെന്നു. ഇന്ത്യക്കെതിരെ ഞങ്ങള്‍ വിജയിച്ചു പക്ഷെ സച്ചിനെതിരെ ഞങ്ങള്‍ തോറ്റു എന്നത്..

കനിക്തരുടെ അവസാന ബൗണ്ടറിയില്‍ വിജയിച്ച മത്സരം എല്ലാവര്‍ക്കും ഓര്‍്മയിലുണ്ടാകും. പക്ഷെ ആദ്യ ഫൈനലിലെ സച്ചിന്റെ ഏറ്റവും മികച്ച ഓള്‍ റൗണ്ട് പ്രകടനം ആരുടെയും ശ്രദ്ധയില്‍ പോലുമില്ല എന്നതാണ് വിഷമകരം. 95റണ്‍സും മൂന്ന് വിക്കറ്റും. പലതും അന്നും ഇന്നും തകര്‍ക്കപെടാത്ത റെക്കോര്‍ഡ് തന്നെയാണ് തകര്‍ക്കപ്പെട്ട രണ്ടു റെക്കോര്‍ഡുകള്‍ ആ വര്‍ഷത്തില്‍ സച്ചിന്‍ നേടിയ 188ഫോറുകളും 40സിക്‌സറുകളും. 2002ല്‍ 48 സിക്സറുകള്‍ നേടി അഫ്രീദി സച്ചിനെ മറികടന്നപ്പോള്‍ 192 ബൗണ്ടറികള്‍ നേടി 2007ല്‍ സച്ചിന്‍ തന്നെ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പുതുക്കി പണിതു..

ലോര്‍ഡ്സില്‍ സച്ചിന്‍ നേടിയ ഒരേ ഒരു സെഞ്ചുറിയും അതെ വര്‍ഷം തന്നെ. മഗ്രാത്ത്, ഡൊണാള്‍ഡ്, കുംബ്ലെ, ശ്രീനാഥ് എന്നി ലോകോത്തര ബൗളെര്‍മാര്‍ക്കെതിരെ 100+സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ നേടിയ സെഞ്ച്വറി ഭയാനകം തന്നെയായിരുന്നു… ഷെയിന്‍ വോണിനെതിരെ ടെസ്റ്റില്‍ നേടിയ പാഡില്‍ സ്വീപും കാസ്പറോവിക്ക് നെതിരെ ഷാര്‍ജയില്‍ നേടിയ ലോഫ്റ്റഡ് ഷോട്ടുകളും ടോണി ഗ്രെയ്ഗ് ന്റെ വാക്കുകളും ഇന്നും നമ്മളില്‍ രോമാഞ്ചം ഉയര്‍ത്തുക തന്നെ ചെയ്യും.

ഏകദിനത്തില്‍ 2007ലും ടെസ്റ്റില്‍ 2010ലും സച്ചിന്‍ ആ വര്‍ഷം തന്റെ പേരില്‍ കുറിച്ചെങ്കിലും 1998എന്ന വര്‍ഷത്തിലെ തട്ട് താഴ്ന്നു തന്നെ ഇരിക്കുന്നു. ഒരിക്കല്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു 1998ല്‍ ഒരു ക്രിക്കറ്റ് ലോകകപ്പ് ഉണ്ടായിരുന്നുവെങ്കില്‍ സച്ചിന്‍ ഒറ്റയ്ക്ക് തന്നെ ആ ലോകകപ്പ് ല്‍ മുത്തമിട്ടേനെ എന്ന്. സച്ചിന്റെ ഓള്‍ റൗണ്ട് മികവില്‍ ഒരു വര്‍ഷം..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍