ഈ ഇന്ത്യന്‍ താരത്തെ 'ചതിച്ച്' പുറത്താക്കും, ഓസീസ് സൂപ്പര്‍ പേസര്‍ പറയുന്നു

ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് കളിയ്ക്കുമ്പോള്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാനെ മാങ്കാദിംഗ് ചെയ്ത് പുറത്താക്കുമെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹസില്‍വുഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായി നില്‍ക്കുന്ന ചേതേശ്വര്‍ പൂജാരയെയാണ് ഹസില്‍വുഡ് മങ്കാദിംഗ് ചെയ്യുമെന്ന് വെളിപ്പെടുത്തിയത്.

മങ്കാദിംഗ് നിയമത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു ഹസല്‍വുഡിന്റെ രസകരമായ മറുപടി. ടെസ്റ്റില്‍ പൂജാരയുടെ പ്രധാന്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഓസീസ് താരത്തിന്റെ പ്രതികരണം.

“ഏറ്റവും വിലമതിപ്പുള്ള വിക്കറ്റ് പൂജാരയുടേതാണ്. പൂജാരയാണ് ടീമിന് ഉറപ്പ് നല്‍കുന്നത്. ഓസ്ട്രേലിയന്‍ പരമ്പരയില്‍ കൂടുതല്‍ പന്തുകള്‍ നേരിട്ടതും, റണ്‍സ് നേടിയതും പൂജാരയാണ്” ഹസല്‍വുഡ് ചൂണ്ടിക്കാണിച്ചു.

ഈ വര്‍ഷം അവസാനം ആണ് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം. പരമ്പരയിലെ ഒരു മത്സരം പകല്‍- രാത്രി ടെസ്റ്റ് പോരാട്ടവുമാകും. ബിസിസിഐ വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.