ആദ്യ ഏകദിനം, ടീം ഇന്ത്യ ഇങ്ങനെ, കരുത്തരുടെ മടങ്ങിവരവ്

ടി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വസത്തില്‍ ഏകദിന പരമ്പരയില്‍ വിന്‍ഡീസിനെ നേരിടാനിറങ്ങുന്ന ടീം ഇന്ത്യ കൂടുതല്‍ കരുത്തുമായാണ് കളത്തിലിറങ്ങുക. ടി20-യില്‍ കളിച്ച യുവതാരങ്ങള്‍ക്ക് പകരം ഇന്ത്യയുടെ മികച്ച ടീമിനെ തന്നെ ഗയാനയില്‍ അണിനിരത്തും.

ഓപ്പണര്‍മാരായി ശിഖര്‍ ധവാനും-രോഹിത്ത് ശര്‍മ്മയുമാണ് ഇറങ്ങുക. മൂന്നാം നമ്പറില്‍ പതിവ് പോലെ കോഹ്ലി കളിയ്ക്കും. ശിഖര്‍ ധവാന്‍ ഓപ്പണറായി തിരിച്ചെത്തുന്നതോടെ കെ എല്‍ രാഹുല്‍ നാലാം സ്ഥാനത്തേക്ക് മാറും.

അഞ്ചാം സ്ഥാനത്തേക്ക് ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് എന്നിവര്‍ തമ്മിലാണ് മല്‍സരം. ട്വന്റിയില്‍ കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന ശ്രേയസ്സിന് ഇത്തവണ അവസരം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തുടരും. രവീന്ദ്ര ജഡേജ ഓള്‍റൗണ്ടറായി ടീമിലുണ്ടാകും.

ബൗളിങ്ങില്‍ ഭുവനേശ്വറിന് വിശ്രമം നല്‍കിയാല്‍ മുഹമ്മദ് ഷമി നേതൃത്വം ഏറ്റെടുക്കും. നവ്ദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍ എന്നിവരും അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. ട്വന്റി 20-യില്‍ ഗംഭീര അരങ്ങേറ്റം കുറിച്ച നവ്ദീപ് സെയ്നി ഇന്ന് ആദ്യ ഏകദിനം കളിച്ചേക്കും. സ്പിന്‍ വിഭാഗത്തില്‍ കുല്‍ദീപ് യാദവും യൂസ് വേന്ദ്ര ചഹലും തമ്മില്‍ മല്‍സരിക്കുന്നു.

ഇന്ത്യ സാധ്യത ടീം: ശിഖര്‍ ധവാന്‍, രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ശ്രേയസ്സ് അയ്യര്‍, റിഷഭ് പന്ത്, രവീന്ദ്രജഡേജ, യുസ്‌വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമ്മി, നവ് ദീപ് സെയ്‌നി, ഭുവനേശ്വര്‍ കുമാര്‍