ടി 20 ലോക കപ്പ്; വേദി സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ബി.സി.സി.ഐ

ടി20 ക്രിക്കറ്റ് ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഉണ്ടാകുമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ഇന്ത്യയില്‍ തന്നെ നടത്താനാണ് ശ്രമമെന്നും എന്നാല്‍ രാജ്യത്തെ കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ വേദി യു.എ.ഇയിലേക്ക് മാറ്റുമെന്നും ശുക്ല പറഞ്ഞു.

ഞങ്ങളുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് ഇന്ത്യയാണ്. അതിനാല്‍, ഐ.സി.സിയില്‍ നിന്ന് ഒരു മാസമോ അതില്‍ കൂടുതലോ സമയം തീരുമാനമെടുക്കാന്‍ ഞങ്ങള്‍ക്ക് ആവശ്യമാണ്. ജൂണ്‍ അവസാനമോ അല്ലെങ്കില്‍ ജൂലൈ ആദ്യ വാരമോ ഇവിടത്തെ സ്ഥിതി നല്ലതല്ലെങ്കില്‍ യു.എ.ഇയിലെ വേദിയായി തീരുമാനിക്കും.”

ഇന്ത്യയിലെ സ്ഥിതി മെച്ചപ്പെടുകയും ഞങ്ങള്‍ക്ക് അത് അനുസരിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുമായാല്‍ ഇന്ത്യയില്‍ തന്നെ ലോക കപ്പ് നടക്കും. ഞാനിപ്പോള്‍ യു.എ.ഇയിലുണ്ട്. ബാക്കി ബി.സി.സി.ഐ നേതൃത്വം അടുത്ത ദിവസങ്ങളില്‍ തന്നെ യു.എ.ഇയില്‍ ചര്‍ച്ചകള്‍ക്കായി എത്തും” ശുക്ല പറഞ്ഞു.

ടി20 ക്രിക്കറ്റ് ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഐ.സി.സി ഇന്ത്യയ്ക്ക് ഈ മാസം 28വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ച ചേര്‍ന്ന ഐ.സി.സി യോഗത്തിലാണ് ഈ തീരുമാനം. ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായാണ് ലോക കപ്പ് നടത്തേണ്ടത്.