T20 WORLD CUP: ഞാൻ അപ്പോൾ അനുഭവിച്ച സമ്മർദ്ദം എനിക്ക് മാത്രേ അറിയൂ: സൂര്യകുമാർ യാദവ്

ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ ഇന്ത്യക്ക് വിജയ തുടക്കം. യുഎസ്എക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 29 റൺസിനാണ് വിജയിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടത്തിൽ ഇന്ത്യ 162 റൺസ് എന്ന ഭേദപ്പെട്ട നിലയിലെത്തി. തുടർന്ന് മികച്ച പ്രകടനവുമായി ബോളർമാരും കളത്തിലിറങ്ങിയതോടെ ആദ്യ വിജയം സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു.

അമേരിക്കയ്ക്കെതിരെ നേടിയ വിജയത്തിന് പിന്നാലെ മനസ്സുതുറന്ന് സംസാരിച്ചിരിക്കുകയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഒരു ഘട്ടത്തിൽ 77 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ തകർന്നടിഞ്ഞപ്പോൾ താൻ അനുഭവിച്ച സമ്മർദ്ദം വാക്കുകൾകൊണ്ട് വിവരിക്കാനാവില്ലെന്ന് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സമ്മാനദാനച്ചടങ്ങില്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

’77-ന് 6 എന്ന നിലയിൽ നിൽക്കുമ്പോൾ എത്രത്തോളം സമ്മർദ്ദം ഉണ്ടായിരുന്നു എന്ന് എനിക്ക് മാത്രമേ അറിയൂ. പക്ഷേ, സമാനമായ സാഹചര്യങ്ങളിൽ മുൻപും ഞാൻ ബാറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ തിരിച്ചുവരനാകുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. അവസാനം വരെ ക്രീസിൽ നിന്നാൽ കളി മാറ്റാനാവുമെന്ന് ഉറപ്പായിരുന്നു’

Read more

ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ സൂര്യകുമാർ യാദവ് മാത്രമാണ് തിളങ്ങിയത്. 49 പന്തിൽ 10 ഫോറും 4 സിക്‌സും അടക്കം 84* റൺസാണ് താരം അടിച്ചെടുത്തത്. ഓപണിംഗിൽ ഇറങ്ങിയ ഇഷാൻ കിഷൻ 20 റൺസും, തിലക്ക് വർമ്മ 25 റൺസും നേടിയത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം എന്ന് പറയാൻ സാധിക്കുന്നത്. ബോളിങ്ങിൽ മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റുകളും, അർശ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവർ 2 വിക്കറ്റുകളും, വരുൺ ചക്രവർത്തി ഒരു വിക്കറ്റും നേടി.