2026-ലെ ടി20 ലോകകപ്പിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ച് ബംഗ്ലാദേശ് നായകൻ ലിറ്റൺ ദാസ്. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് സുരക്ഷിതമല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ട സാഹചര്യം നിലനിൽക്കയാണ് ലിറ്റന്റെ ഈ പ്രതികരണം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള ഐപിഎൽ കരാറിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനെ തുടർന്നാണ് ഈ സംഭവവികാസങ്ങൾ ഉണ്ടായത്. ഇതിനെത്തുടർന്ന് വേദികൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ICC) ഔദ്യോഗികമായി സമീപിച്ചു. എന്നാൽ, നിലവിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ ഐസിസിക്ക് താൽപ്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജനുവരി 20 ചൊവ്വാഴ്ച നടന്ന ബിപിഎൽ (BPL) മത്സരത്തിന് ശേഷം, ടൂർണമെന്റിലെ പിച്ചുകളെക്കുറിച്ചും വരാനിരിക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പിന് അവ അനുയോജ്യമാണോ എന്നും ലിറ്റൺ ദാസിനോട് ചോദിച്ചു. എന്നാൽ, ടീമിനെ സംബന്ധിച്ച നിലവിലെ അനിശ്ചിതാവസ്ഥയിലേക്കാണ് ബംഗ്ലാദേശ് നായകൻ സംഭാഷണം മാറ്റിയത്.
“നമ്മൾ ലോകകപ്പ് കളിക്കുമെന്ന് ഉറപ്പാണോ? എന്നെ സംബന്ധിച്ചിടത്തോളം എല്ലായിടത്തും അനിശ്ചിതാവസ്ഥയാണ്. രാജ്യം മുഴുവൻ ഇപ്പോൾ ഇത് തന്നെയാണ് ചിന്തിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയാം, അതിനെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് സുരക്ഷിതമല്ല,” ലിറ്റൺ പറഞ്ഞു.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നിലവിലെ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് ചോദ്യം ഉയർന്നപ്പോഴും ലിറ്റൺ ദാസ് ജാഗ്രത പാലിച്ചു. തനിക്ക് ഈ വിഷയത്തിൽ സംസാരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
Read more
“എനിക്ക് സുരക്ഷിതമായി സംസാരിക്കാൻ കഴിയുന്ന ഒന്നല്ല ഇത്. എനിക്ക് ഇതിൽ അഭിപ്രായമില്ല, ഇതിൽ ആർക്കും വിഷമം തോന്നില്ലെന്ന് കരുതുന്നു,” ലിറ്റൺ പറഞ്ഞു.







