2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കാനുള്ള തീരുമാനത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) വിമർശിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയും മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ജേസൺ ഗില്ലസ്പിയും രംഗത്തെത്തി. 2025-ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഐസിസി കൈകാര്യം ചെയ്ത രീതി ചൂണ്ടിക്കാട്ടി ഐസിസിയുടെ തീരുമാനങ്ങളിലെ വൈരുദ്ധ്യത്തെ ഇരുതാരങ്ങളും ചോദ്യം ചെയ്തു.
അംഗരാജ്യങ്ങളോട് ഐസിസി കാണിക്കുന്നത് വിവേചനപരമായ സമീപനമാണെന്ന് അഫ്രീദി ആരോപിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2025-ലെ ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് വരാൻ ഇന്ത്യ വിസമ്മതിച്ചതും, തുടർന്ന് ദുബായിലെ നിഷ്പക്ഷ വേദിയിൽ കളിക്കാൻ ഐസിസി ഇന്ത്യയെ അനുവദിച്ചതും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യ ആ ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയെങ്കിലും പാകിസ്ഥാന് തങ്ങളുടെ നാട്ടിൽ ഫൈനലിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിച്ചില്ല.
“ബംഗ്ലാദേശിലും ഐസിസി ടൂർണമെന്റുകളിലും കളിച്ചിട്ടുള്ള ഒരു മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എന്ന നിലയിൽ, ഐസിസിയുടെ ഈ നിലപാടില്ലായ്മയിൽ ഞാൻ അസ്വസ്തനാണ്. 2025-ൽ പാകിസ്ഥാനിലേക്ക് വരാതിരിക്കാനുള്ള ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ ഐസിസി അംഗീകരിച്ചു. എന്നാൽ ബംഗ്ലാദേശിന്റെ കാര്യത്തിൽ സമാനമായ ഒരു ധാരണ കാണിക്കാൻ അവർ തയ്യാറാകുന്നില്ല,” അഫ്രീദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (X) കുറിച്ചു.
നിയമങ്ങൾ നടപ്പിലാക്കുമ്പോൾ തുല്യനീതി പുലർത്തേണ്ടതിന്റെ ആവശ്യകതയും അഫ്രീദി ഊന്നിപ്പറഞ്ഞു. “സ്ഥിരതയും നീതിയുമാണ് ആഗോള ക്രിക്കറ്റ് ഭരണത്തിന്റെ അടിസ്ഥാനം. ബംഗ്ലാദേശ് താരങ്ങളും ദശലക്ഷക്കണക്കിന് ആരാധകരും അർഹിക്കുന്നത് ആദരവാണ്, ഇരട്ടത്താപ്പല്ല. ബന്ധങ്ങൾ തകർക്കുകയല്ല, കൂട്ടിയോജിപ്പിക്കുകയാണ് ഐസിസി ചെയ്യേണ്ടത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ ടീമിന്റെ മുൻ മുഖ്യ പരിശീലകനായിരുന്ന ഗില്ലസ്പിയും ഐസിസിയുടെ നടപടിയെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടിരുന്നു. ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ ഉദാഹരണം തന്നെയാണ് അദ്ദേഹവും ഉദ്ധരിച്ചത്. എന്നാൽ പിന്നീട് മുൻ ഓസീസ് താരം ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
“ബംഗ്ലാദേശിന് ഇന്ത്യക്ക് പുറത്ത് മത്സരങ്ങൾ കളിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ഐസിസി വിശദീകരണം നൽകിയിട്ടുണ്ടോ? പാകിസ്ഥാനിൽ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചപ്പോൾ അവർക്ക് രാജ്യത്തിന് പുറത്ത് മത്സരങ്ങൾ കളിക്കാൻ അനുവാദം നൽകിയിരുന്നു. ആർക്കെങ്കിലും ഇത് യുക്തിപരമായി വിശദീകരിച്ചു തരാനാകുമോ?” അദ്ദേഹം ചോദിച്ചു.
Read more
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് വരാൻ കഴിയില്ലെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളിയതിനെത്തുടർന്നാണ് അവരെ 2026 ടി20 ലോകകപ്പിൽ നിന്ന് ഒഴിവാക്കിയത്. മൂന്നാഴ്ചയോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ് ടൂർണമെന്റിൽ കളിക്കുമെന്ന് ഐസിസി ഔദ്യോഗികമായി അറിയിച്ചു.







