ടി20 ലോകകപ്പില്‍ അടിമുടി മാറ്റം, കളി ഇനി വേറെ ലെവല്‍, വ്യത്യാസങ്ങള്‍ അറിഞ്ഞിരിക്കാം

ജൂണ്‍ 1 മുതല്‍ ജൂണ്‍ 29 വരെ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും നടക്കുന്ന 2024ലെ ടി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഒടുവില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത് ആദ്യമായാണ് ഒരു പ്രധാന ഐസിസി ഇവന്റ് യുഎസ്എയില്‍ നടക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് രണ്ട് തവണ മാര്‍ക്വീ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമാണ്.

2022ല്‍ ഓസ്ട്രേലിയയിലായിരുന്നു അവസാനത്തെ ടി20 ലോകകപ്പ്. അന്നത്തെ ടൂര്‍ണമെന്റുമായി താരതമ്യം ചെയ്യുമ്പോള്‍ വരാനിരിക്കുന്ന എഡിഷന് വലിയൊരു വ്യത്യാസമുണ്ട്. ടീമുകളുടെ എണ്ണത്തില്‍ വരുതിയ മാറ്റമാണത്. ടി20 ലോകകപ്പ് ചരിത്രത്തിലാദ്യമായി ഇത്തവണത്തെ മെഗാ ഇവന്റില്‍ 20 ടീമുകള്‍ പങ്കെടുക്കും. നേരത്തെ 16 ടീമുകളായിരുന്നു ടൂര്‍ണമെന്റില്‍ മാറ്റുരച്ചിരുന്നത്.

ടൂര്‍ണമെന്റ് 16 ടീമുകളില്‍നിന്ന് 20 ടീമുകളുടെ ഇവന്റിലേക്ക് പോകുന്നതോടെ, 2024 ല്‍ ടി20 ലോകകപ്പിന് ഒരു പുതിയ ഫോര്‍മാറ്റ് ഉണ്ടാകും. കഴിഞ്ഞ രണ്ട് എഡിഷനുകളില്‍ നിന്ന് വ്യത്യസ്തമായി, സൂപ്പര്‍ 12-ലേക്ക് വലിയ ടീമുകള്‍ക്ക് നേരിട്ട് പ്രവേശനം ഉണ്ടാകില്ല. എല്ലാ 20 ടീമുകളും 2024 ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ മത്സരത്തിലേക്ക് പ്രവേശിക്കും.

20 ടീമുകളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഗ്രൂപ്പില്‍ എല്ലാ ടീമുകളും പരസ്പരം കളിക്കുന്നു. ഗ്രൂപ്പ് ഘട്ടം ജൂണ്‍ 1 മുതല്‍ ജൂണ്‍ 18 വരെ നടക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ സൂപ്പര്‍ 8-ലേക്ക് മുന്നേറും.

സൂപ്പര്‍ 8 ഘട്ടം ജൂണ്‍ 19 മുതല്‍ 24 വരെ നടക്കും, അതില്‍ എട്ട് ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഗ്രൂപ്പില്‍ ഓരോ തവണ വീതം ടീമുകള്‍ ഏറ്റുമുട്ടുകയും ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ സെമി ഫൈനിലേക്കു യോഗ്യത നേടുകയും ചെയ്യും. ജൂണ്‍ 26, 27 തിയ്യതികളിലാണ് സെമി ഫൈനല്‍. ജൂണ്‍ 29-ന് ബാര്‍ബഡോസിലാണ് ഫൈനല്‍.