സൂര്യകുമാര്‍ മികച്ച ടി20 ബാറ്ററൊന്നുമല്ല; ഊടുവെച്ച് സൗത്തി

മിന്നും ഫോമില്‍ നില്‍ക്കുമ്പോഴും സൂര്യകുമാര്‍ യാദവ് ടി20 ക്രിക്കറ്റിലെ ബെസ്റ്റെന്നു ഇപ്പോഴും വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നു ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ടിം സൗത്തി. തുടര്‍ച്ചായായി ഈ പ്രകടനം നിലനിര്‍ത്താനായാല്‍ ബെസ്‌റ്റെന്ന് സമ്മതിക്കാമെന്നാണ് സൗത്തി പറയുന്നത്.

ഇന്ത്യന്‍ ടീമിനെയെടുത്താല്‍ മഹാന്‍മാരായായ ഒരുപിടി ടി20 ക്രിക്കറ്റര്‍മാര്‍ അവര്‍ക്കുണ്ടായിരുന്നതായി കാണാം. സൂര്യകുമാര്‍ യാദവ് മികച്ച പ്ലെയര്‍ തന്നെയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അദ്ദേഹം പല ഗംഭീര ഇന്നിംഗ്സുകള്‍ കളിക്കുകയും ചെയ്തു. പക്ഷെ ബെസ്റ്റെന്നു സൂര്യയെ ഇനിയും പറയാറായിട്ടില്ല. ദീര്‍ഘകാലം ഇതേ രീതിയില്‍ തുടര്‍ന്നും പെര്‍ഫോം ചെയ്യണമെന്നും ടിം സൗത്തി വ്യക്തമാക്കി.

അതേസമയം, രണ്ടാം ടി20യില്‍ സൂര്യകുമാര്‍ യാദവ് നേടിയ കിടിലന്‍ സെഞ്ച്വറിയെ സൗത്തി പ്രശംസിച്ചു. വളരെ മികച്ചൊരു ഇന്നിംഗ്സ് തന്നെയായിരുന്നു ഇത്. വ്യത്യസ്തമായ പല ഷോട്ടുകളും കളിക്കാന്‍ സൂര്യക്കു കഴിയുമെന്നും ആ മല്‍സരത്തിലെ വ്യത്യാസവും ഇതു തന്നെയായിരുന്നുവെന്നും സൗത്തി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ന്യൂസിലാന്‍ഡ് ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്നു നടക്കും. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം 65 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പര കൈവിടാതെ കാത്തിട്ടുണ്ട്. ഇന്ന് നടക്കുന്ന മത്സരം അതിനാല്‍ തന്നെ ഇരുവര്‍ക്കും നിര്‍ണായകമാണ്.