സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്; സ്വീഡന്റെ നെഞ്ചിടിപ്പേറുന്നു

ലോക കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്ക് ഒരുങ്ങുന്ന സ്വീഡന് തിരിച്ചടിയായി സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ പരിക്ക്. കൊസവോയ്ക്കും ഗ്രീസിനുമെതിരായ മത്സരങ്ങളില്‍ ഇബ്ര ഉണ്ടാകില്ല. സ്ലാട്ടനു പകരം വിക്ടര്‍ ഗ്യോക്കേഴ്‌സിനെ സ്വീഡിഷ് ടീമില്‍ ഉള്‍പ്പെടുത്തി.

കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതാണ് ഇബ്രാഹിമോവിച്ചിന് ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്. മേയില്‍ യുവന്റസിനെതിരായ എസി മിലാന്റെ സീരി എ മത്സരത്തിനിടെയാണ് സ്ലാട്ടന് പരിക്കേറ്റത്. സീസണില്‍ ഒരു ലീഗ് മത്സരത്തില്‍ മാത്രമേ സ്ലാട്ടന്‍ കളത്തിലിറങ്ങിയിട്ടുള്ളു. യൂറോ കപ്പും താരത്തിന് നഷ്ടമായിരുന്നു.

സ്ലാട്ടന്റെ അഭാവം സ്വീഡന് തിരിച്ചടിയാകുമെന്ന് കരുതപ്പെടുന്നു. ലോക കപ്പ് യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ ഇടംപിടിക്കുന്ന സ്വീഡന്‍ (9 പോയിന്റ്) സ്‌പെയ്‌നിന് (13)പിന്നില്‍ രണ്ടാം സ്ഥാനത്താണ്.