IPL 2025: ഐപിഎലില്‍ ഡിജെയും ചിയര്‍ ഗേള്‍സിനെയും ഒഴിവാക്കണം, ഇപ്പോള്‍ അത് ഉള്‍പ്പെടുത്തുന്നത് അത്ര നല്ലതല്ല, ബിസിസിഐയോട് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ച ഐപിഎല്‍ മത്സരങ്ങള്‍ മേയ് 17നാണ് വീണ്ടും തുടങ്ങുന്നത്. ഈ സാഹചര്യത്തില്‍ ഐപിഎലില്‍ ഇനി ഡിജെയും ചിയര്‍ ഗേള്‍സിനെയും ഉള്‍പ്പെടുത്തരുതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ വരണമെന്നും അവര്‍ ക്രിക്കറ്റ് മാത്രം ആസ്വദിക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉറ്റവരെ നഷ്ടമായ കുടുംബാംഗങ്ങളുടെ വികാരങ്ങള്‍ ഈ സാഹചര്യത്തില്‍ ബിസിസിഐ മനസില്‍ വെക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഡിജെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ പാട്ടുകള്‍ വലിയ ശബ്ദത്തില്‍ വയ്ക്കരുതെന്നും ബിസിസിയോട് ഗവാസ്‌കര്‍ ആവശ്യപ്പെട്ടു. മേയ് 17ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുളള മത്സരത്തോടെയാണ് ഐപിഎല്‍ വീണ്ടും ആരംഭിക്കുക.

ആര്‍സിബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വച്ചാണ് ഈ മത്സരം. പുതിയ ഷെഡ്യൂളിലാണ് മാറ്റിവച്ച മത്സരങ്ങള്‍ ഐപിഎല്‍ അധികൃതര്‍ നടത്തുന്നത്. പ്ലേഓഫ് മത്സരങ്ങള്‍ മേയ് 29നാണ് തുടങ്ങുക. ഫൈനല്‍ ജൂണ്‍ മൂന്നിനും നടക്കും. ഗുജറാത്ത് ടൈറ്റന്‍സ്, ആര്‍സിബി, പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ മുന്നിലുളളത്.