ഓസ്ട്രേലിയയില്‍ അടുത്തിടെ സമാപിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ 1-3 ന് തോറ്റ ഇന്ത്യ സമീപകാലത്തെ ഏറ്റവും അപമാനകരമായ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഈ പരമ്പരയ്ക്ക് ശേഷം ബിസിസിഐ നിരവധി അച്ചടക്ക മാറ്റങ്ങള്‍ വരുത്തി. പര്യടനത്തിനിടെ ചില അച്ചടക്ക വീഴ്ചകളുടെ ഫലമായിട്ടായിരുന്നു ഇത്. കളിക്കാര്‍ക്ക് 150 കിലോഗ്രാം ലഗേജ് മാത്രമേ ടൂറുകള്‍ക്ക് എടുക്കാനാകൂ എന്നതായിരുന്നു ഇതിലൊരു പ്രധാന മാറ്റം. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയിലെ ഒരു സ്റ്റാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്റെ പ്രവര്‍ത്തിയുടെ ഫലമായിട്ടായിരുന്നു ഈ തീരുമാനം.
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കായി പോയ ഇന്ത്യന്‍ ടീമിലെ ഒരു സൂപ്പര്‍ താരം 250 കിലോയിലധികമുള്ള ലഗേജാണ് കൊണ്ടുപോയതെന്നും ഇത് ബിസിസിഐയ്ക്ക് അധിക ചെലവ് വരുത്തിവെച്ചെന്നുമാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കായി ഈ താരം 17 ബാറ്റുകളും 27 ബാഗുകളുമായാണ് പോയത്. ഈ ബാഗുകള്‍ താരത്തിന്റേതുമാത്രമല്ല, കുടുംബാംഗങ്ങളുടെയും പേഴ്‌സണല്‍ അസിസ്റ്റന്റിന്റേയും ഉള്‍പ്പെടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അനുവദനീയമായതിലും കൂടിയ അളവില്‍ ലഗേജ് കൊണ്ടുപോയതിന് പിഴതുകയായി ലക്ഷങ്ങള്‍ അടയ്ക്കേണ്ടി വന്നത് ബിസിസിഐ ആണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ബിസിസിഐയുടെ ചട്ടപ്രകാരം താരങ്ങളുടെ കുടുംബാംഗങ്ങളുടെയും പഴ്സനല്‍ സ്റ്റാഫിന്റെയും ബാഗേജുകളുടെ ബാധ്യത അതാത് താരങ്ങളാണ് വഹിക്കേണ്ടത്. എന്നാല്‍, ഇതിനു വിരുദ്ധമായി ഈ താരം എല്ലാ ബാഗുകളും തന്റെ കണക്കില്‍പ്പെടുത്തി ബാധ്യത ബിസിസിഐയുടെ തലയില്‍ വയ്ക്കുകയായിരുന്നു
ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് വിദേശ പര്യടനങ്ങളില്‍ ഒപ്പം കൊണ്ടുപോകാവുന്ന ബാഗേജിന്റെ പരിധി 150 കിലോയാക്കി നിജപ്പെടുത്തി ബിസിസിഐ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെയാണ്, ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഒരു താരം മാത്രം 250 കിലോയിലേറെ ലഗേജ് കൊണ്ടുപോയ വിവരം പുറത്തുവരുന്നത്.
താരങ്ങള്‍ക്ക് 150 കിലോയ്ക്കു മുകളില്‍ ലഗേജ് കൊണ്ടുപോകുന്നതിന് നിയന്ത്രണമില്ലെങ്കിലും, ബിസിസിഐ വഹിക്കുക ഈ പരിധിക്കുള്ളിലുള്ള ലഗേജിന്റെ സാമ്പത്തിക ബാധ്യത മാത്രമായിരിക്കും.