ഐപിഎല്ലില്‍ കാണികളെ അനുവദിക്കും; ഗാലറി ഉണരുന്നത് 2019നുശേഷം

ഐപിഎല്‍ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഭാഗികമായി കാണികളെ അനുവദിക്കാന്‍ തീരുമാനം. സംഘാടകര്‍ അറിയിച്ചതാണ് ഇക്കാര്യം. സെപ്റ്റംബര്‍ 19ന് യുഎഇയിലാണ് ഐപിഎല്ലിന്റെ രണ്ടാം ഘട്ടം ആരംഭിക്കുക.

2019നുശേഷം ഇതാദ്യമായാണ് ഐപിഎല്‍ ഗാലറിയില്‍ കാണികളെ പ്രവേശിക്കാന്‍ അനുവദിക്കുന്നത്. 2020 ഐപിഎല്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തിയത്. ഈ വര്‍ഷം ഇന്ത്യയില്‍ നടന്ന ഐപിഎല്‍ മത്സരങ്ങളിലും കാണികളെ ഒഴിവാക്കിയിരുന്നു.
ദുബായ്, അബുദാബി, ഷാര്‍ജ സ്റ്റേഡിയങ്ങളിലായിരിക്കും ഇത്തവണത്തെ അവശേഷിക്കുന്ന മത്സരങ്ങള്‍ അരങ്ങേറുക.

കോവിഡ് മാനദണ്ഡം കര്‍ശനമായി പിന്തുടരാനാണ് സംഘാടകരുടെ തീരുമാനം. ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തിലും ബയോബബിള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ ബയോബബിളില്‍ കോവിഡ് പടര്‍ന്നതോടെ ടൂര്‍ണമെന്റ് തത്കാലം നിര്‍ത്തിവയ്ക്കുകയായിരുന്നു.