ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസ് മത്സരം മഴമൂലം ഉപേക്ഷിച്ചു ; ലോക കപ്പില്‍ പണി കിട്ടിയത് ഇന്ത്യന്‍ ടീമിന്

വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക – വെസ്റ്റിന്‍ഡീസ് മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാകാതെ പോയതോടെ പണികിട്ടിയത് ഇന്ത്യയ്ക്ക്. ഇരു ടീമും പോയിന്റ് പങ്കുവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ജയം അനിവാര്യം.

പോയിന്റ് പട്ടികയില്‍ ആദ്യം വരുന്ന നാലു ടീമുകള്‍ സെമിയില്‍ എത്തുമെന്നിരിക്കെ അഞ്ചാമതാണ് ഇന്ത്യയിപ്പോള്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ്. നാലു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എടുത്തു നില്‍ക്കുമ്പോഴായിരുന്നു മഴയെത്തി മത്സരം മുടക്കിയത്. വെറും 10 ഓവറുകള്‍ മാത്രമാണ് ആകെ എറിഞ്ഞത്.

മത്സരം മഴമൂലം ഉപേക്ഷിച്ച സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും പോയിന്റ് പങ്കുവെച്ചു. തൊട്ടടുത്ത മത്സരത്തില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. പോയിന്റ് പട്ടികയില്‍ ഇതോടെ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനക്കാരായി ദക്ഷിണാഫ്രിക്ക സെമിയില്‍ എത്തി.

വെസ്റ്റിന്‍ഡീസ് ഏഴു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി. പാക്കിസ്ഥാനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച് ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമെത്തി. ഇതോടെയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വീണത്. ഇതോടെ സെമിയില്‍ കടക്കണമെങ്കില്‍ ഇന്ത്യയ്ക്ക് അവസാന മത്സരം ജയിക്കണമെന്ന സ്ഥിതിയിലായി. അടുത്ത മത്സരം ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് എട്ടുപോയിന്റാകും.

ജയിച്ചാല്‍ ടെന്‍ഷന്‍ ഇല്ലാതെ തന്നെ ഇന്ത്യയ്ക്കും ഇംഗ്‌ളണ്ടിനും സെമിയില്‍ എത്താം. തോറ്റാലും ഇംഗ്ലണ്ട് ബംഗ്ലദേശിനോടു വന്‍ റണ്‍റേറ്റില്‍ തോറ്റാല്‍ ഇന്ത്യയ്ക്ക് സാധ്യതയുണ്ട്.  ഗ്രൂപ്പ് മത്സരം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇന്ത്യയുടെ അടുത്ത മത്സരത്തിന്റെ ഫലം ആശ്രയിച്ചാണ് വെസ്റ്റിന്‍ഡീസിന്റെ നില നില്‍പ്പ്.