ദക്ഷിണാഫ്രിക്ക അഞ്ചുതവണ താഴെയിട്ടത് ലോക കപ്പ് ഫൈനല്‍ ; ഇംഗ്‌ളണ്ട് ബോളര്‍ എക്ലസ്റ്റന്‍ ആറ് പേരുടെ കഥകഴിച്ചു...!!

വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇംഗ്‌ളണ്ട് തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനലിലേക്ക്. കഴിഞ്ഞ തവണ ഇന്ത്യയെ തോല്‍പ്പിച്ച് കപ്പടിച്ച ഇംഗ്‌ളണ്ട് കലാശപ്പോരില്‍ ഓസ്‌ട്രേലിയന്‍ വനിതകളെ നേരിടും. സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നേടിയത് 137 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇംഗ്‌ളണ്ട് സ്വന്തമാക്കിയത്. സെഞ്ച്വറിയടിച്ച ഡാനി വൈറ്റും ആറ് വിക്കറ്റുമായി ഓള്‍റൗണ്ട് പ്രകടനം നടത്തിയ സ്പിന്നര്‍ സോഫി എക്‌ളെസ്റ്റണും ചേര്‍ന്നായിരുന്നു ഇംഗ്‌ളണ്ടിന്റെ വിജയം നെയ്‌തെടുത്തത്്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്‌ളണ്ട് എട്ടു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 293 റണ്‍സായിരുന്നു. ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ 38 ഓവറില്‍ 156 ന് പുറത്തായി. വാലറ്റത്ത് തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവെച്ച സോഫി എക്‌ളെസ്റ്റണ്‍ 11 പന്തില്‍ 24 റണ്‍സും നേടി. പന്തുകൊണ്ടും അവര്‍ മായാജാലം കാട്ടി. എട്ട് ഓവര്‍ എറിഞ്ഞ താരം 36 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്. അഞ്ചാം വിക്കറ്റ് മിഗ്‌നോന്‍ ഡു പ്രീസ് മുതല്‍ 10 ാം ബാറ്റര്‍ മസബാതാ ക്ലാസ്്‌വരെ ആറു പേരാണ് എക്‌ളെസ്റ്റന്റെ പന്തേറില്‍ വീണുപോയത്.

ലോകകപ്പില്‍ ആദ്യമായി സെഞ്ച്വറിയടിച്ച വൈറ്റിന്റെ മികവിലായിരുന്നു ഇംഗ്‌ളീഷ് വനിതകള്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. 12 ബൗണ്ടറികളുടെ അകമ്പടിയോടെ 125 പന്തില്‍ 129 റണ്‍സ് എടുത്ത ഡാനിവൈറ്റ് ആയിരുന്നു വിജയശില്‍പ്പി. അഞ്ചു തവണയാണ് വൈറ്റിനെ പുറത്താക്കാന്‍ അവസരം ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാര്‍ താഴെയിട്ടത്. ലൈഫ് കിട്ടിയ അവര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. 72 പന്തില്‍ നിന്നും 60 റണ്‍സ് എടുത്ത സോഫി ഡങ്ക്‌ലിയോടൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ വൈറ്റ് ഇംഗ്‌ളണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചു. ആമി ജോണ്‍സ് 32 പന്തില്‍ 28 റണ്‍സും നേടി.

മറുപടി ബാറ്റിംഗില്‍ 48 പന്തില്‍ 30 റണ്‍സ് നേടിയ മിഗ്‌നോന്‍ ഡു പ്രീസ് ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ലാറാ ഗുഡാള്‍ 28 റണ്‍സ, നായിക സൂനേ ലൂസ് 21 റണ്‍സും നേടി. മികച്ച ബൗളിംഗ് പുറത്തെടുത്ത എക്ലസ്റ്റണെ നേരിടാന്‍ കഴിയാതെ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ പുറകേപുറകേ കൂടാരം കയറുകയായിരുന്നു.