ഒമിക്രോണല്ല, ഗാംഗുലിയെ ബാധിച്ചത് ഡെല്‍റ്റ പ്ലസ്, താരം ഐസൊലേഷനില്‍ തുടരുന്നു

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ബാധിച്ചത് കോവിഡിന്റെ ഡെല്‍റ്റ വകഭേദം. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം വീട്ടില്‍ ഐസൊലേഷനിലാണ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചതോടെ ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍കരുതലിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാല്‍ കോവിഡ് ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കാതിരുന്നതോടെ ഡിസ്ചാര്‍ജ് ചെയ്തു.

ഗാംഗുലിയെ ബാധിച്ചത് ഒമൈക്രോണ്‍ വകഭേദം അല്ലെന്ന് സ്ഥിരീകരിച്ചതിന് ശേഷമായിരുന്നു ഡിസ്ചാര്‍ജ് ചെയ്തത്. ഗാംഗുലിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

2021ല്‍ മൂന്നാം തവണയാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജനുവരിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. പിന്നീട് 20 ദിവസത്തിന് ശേഷം സമാനമായ നെഞ്ചുവേദന ഉണ്ടായതോടെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.