ശുഭ്മാന്‍ ഗില്‍ ഐസിയുവില്‍; നിരീക്ഷണത്തിന് ഡോക്ടർമാരുടെ വിദഗ്ധസംഘം രൂപീകരിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. രണ്ടാം ദിവസത്തെ മത്സരത്തിനിടെ കഴുത്തിന് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. പിന്നീട് ശനിയാഴ്ചത്തെ കളി അവസാനിച്ചതിന് ശേഷം കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ്.

“ശുഭ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്കാനുകൾക്ക് വിധേയനാക്കുകയും ചെയ്തു. കടുത്ത കഴുത്ത് വേദന കാരണം അദ്ദേഹം വേദനയും അസ്വസ്ഥതയും അനുഭവിക്കുകയാണ്. അതിനുവേണ്ട ചികിത്സയാണ് ആദ്യം മുൻഗണന നൽകുന്നത്. മുൻകരുതൽ നടപടിയായി അദ്ദേഹം ഐസിയുവിലാണ്,” ടീം വൃത്തങ്ങൾ പറഞ്ഞു.

മുൻകരുതൽ നടപടിയായി ആശുപത്രിയിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ന്യൂറോ സർജന്മാർ, ന്യൂറോളജിസ്റ്റുകൾ, കാർഡിയോളജിസ്റ്റുകൾ തുടങ്ങിയവർ ബോർഡിലുണ്ട്. ഗുരുതരമായ പ്രശ്നമില്ലെന്നാണ് എംആർഐ സ്കാനിംഗ് റിപ്പോർട്ട്. ബിസിസിഐ മെഡിക്കൽ സംഘവും താരത്തെ നിരീക്ഷിക്കുന്നുണ്ട്.

Read more

ഇന്ത്യൻ ഇന്നിംഗ്സിൻ്റെ 35–ാം ഓവറിൽ സിമോൺ ഹാമറിന്റെ പന്ത് സ്ലോഗ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തിയതിനു പിന്നാലെ ഗില്ലിന്റെ കഴുത്ത് ഉളുക്കുകയായിരുന്നു. ഫിസിയോ എത്തി പ്രാഥമിക പരിശോധന നടത്തിയതിനു പിന്നാലെ ക്യാപ്റ്റൻ റിട്ടയേഡ് ഔട്ടായി മൈതാനം വിട്ടു. പിന്നീട് താരം ബാറ്റിംഗിന് തിരിച്ചെത്തിയില്ല. രണ്ടാം ഇന്നിംഗ്സിലും താരം കളിക്കില്ല.