ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റതിന് ശേഷം ആദ്യമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട് ഇന്ത്യൻ താരം ശ്രേയസ് അയ്യർ. താൻ ഇപ്പോൾ സുഖം പ്രാപിക്കുന്ന ഘട്ടത്തിലാണെന്നും ഓരോ ദിവസം കഴിയുന്തോറും പരിക്ക് ഭേദമാകുന്നുണ്ടെന്നും ലഭിച്ച എല്ലാ ആശംസകൾക്കും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ശ്രേയസ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.
“ഞാൻ ഇപ്പോൾ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും മെച്ചപ്പെട്ടുവരുന്നു. എനിക്ക് ലഭിക്കുന്ന എല്ലാ പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും വളരെ നന്ദിയുണ്ട്. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. എന്നെപ്പറ്റി ചിന്തിക്കുന്നതിന് നന്ദി”, ശ്രേയസ് കുറിച്ചു.
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ അലക്സ് കാരിയുടെ പുറത്താക്കാൻ ഡൈവിംഗ് ക്യാച്ച് എടുക്കുന്നതിനിടെയാണ് താരത്തിന് മാരകമായി പരിക്കേൽക്കുന്നത്. ഇടത് വാരിയെല്ലിനാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്. ഡ്രസ്സിങ് റൂമിലേക്ക് താരത്തെ എത്തിച്ചതിന് പിന്നാലെ സിഡ്‌നിയിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
സ്‌കാനിംഗില്‍ ശ്രേയസ് അയ്യരുടെ പ്ലീഹയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. ഗുരുതരമായ ആന്തരിക രക്തസ്രാവം തടയാൻ ‘ഇന്റർവെൻഷണൽ ട്രാൻസ്-കത്തീറ്റർ എംബോളൈസേഷൻ’ നടത്തി. ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ഐസിയുവിൽ നിന്ന് മാറ്റിയത്.
Read more
ശ്രേയസ് അയ്യർക്ക് രണ്ട് മാസത്തെ വിശ്രമമാണ് മെഡിക്കൽ സംഘം നിർദേശിച്ചിരിക്കുന്നത്. നവംബർ-ഡിസംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ശ്രേയസിന് കളിക്കാനാകില്ല. അടുത്ത വർഷം ജനുവരിയിൽ ന്യൂസിലൻഡിനെതിരായ ദ്വിരാഷ്ട്ര ഏകദിന പരമ്പരയിൽ കളിക്കാനാകുമോ എന്ന കാര്യത്തിലും ഉറപ്പില്ല.







