ഒട്ടും സങ്കടമില്ല, ഇത് എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരങ്ങളില്‍ ഒന്ന്: ശ്രേയസ് അയ്യര്‍

ഐപിഎല്‍ 15ാം സീസണിലെ മികച്ചയൊരു മത്സരത്തിനാണ് ക്രിക്കറ്റ് പ്രേമികള്‍ ഇന്നലെ സാക്ഷിയായത്. അവസാന ബോള്‍ വരെ നാടകീയത നിറഞ്ഞു നിന്ന മത്സരത്തില്‍ രണ്ട് റണ്‍സിനാണ് ലഖ്‌നൗ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത്. ഇപ്പോഴിതാ തന്റെ കരിയറിലെ തന്നെ റ്റേവും മികച്ച മത്സരമായിരുന്നു ഇതെന്ന് പറഞ്ഞിരിക്കുകയാണ് കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍.

‘എനിക്ക് ഒട്ടും സങ്കടം തോന്നുന്നില്ല. കാരണം, എന്റെ കരിയറില്‍ കളിച്ച ഏറ്റവും മികച്ച കളികളില്‍ ഒന്നായിരുന്നു ഇത്. അവസാനം വരെ റിങ്കു കളിച്ച രീതി എനിക്ക് വളരെ ഇഷ്ടമായി. പക്ഷേ നിര്‍ഭാഗ്യവശാല്‍ അവനത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അവന്‍ ശരിക്കും സങ്കടപ്പെട്ടു. അവന്‍ ഞങ്ങള്‍ക്ക് വേണ്ടി ഗെയിം പൂര്‍ത്തിയാക്കുമെന്നും ഹീറോയാകാന്‍ കഴിയുമെന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും അവന്‍ മികച്ച പ്രകടനം നടത്തി. ഞാന്‍ അവനില്‍ ശരിക്കും സന്തോഷവാനാണ്.’

‘ഞങ്ങള്‍ ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ഈ രീതിയില്‍ കളിക്കുമെന്ന് കരുതിയിരുന്നില്ല. പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് വീണതിന് ശേഷവും അത് ഞങ്ങള്‍ക്ക് ജയിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന അവസ്ഥയായിരുന്നു. അത് അവസാനം വരെ തുടരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു’ മത്സര ശേഷം ശ്രേയസ് പറഞ്ഞു.

ശ്രേയസ് അയ്യരുടെ അര്‍ദ്ധ സെഞ്ച്വറിക്കും റിങ്കു സിംഗ് (15 പന്തില്‍ 40), സുനില്‍ നരെയ്ന്‍ (7 പന്തില്‍ 21*) എന്നിവരുടെ പോരാട്ടവീര്യത്തിനും കൊല്‍ക്കത്തയെ രക്ഷിക്കാനായില്ല. ലഖ്നൗ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ ഇന്നിംഗ്സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സില്‍ അവസാനിച്ചു. ഇതോടെ കൊല്‍ക്കത്ത ഐപിഎല്‍നിന്നു പുറത്തായി.