ബാബര്‍ അസമിനോട് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്ന് ശുഐബ് മാലിക്; കാരണം കേമം

ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബാബര്‍ അസം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഒഴിയണമെന്ന് പാക് മുന്‍ നായകന്‍ ശുഐബ് മാലിക്. ടീമിലെ പേഴ്സണല്‍ മാറ്റങ്ങളെ കുറിച്ചും എല്ലാ ഫോര്‍മാറ്റുകളിലും ഒരു പുതിയ ക്യാപ്റ്റനെ കുറിച്ചുമുള്ള നിരവധി ഊഹാപോഹങ്ങളും ചര്‍ച്ചകളും നടക്കവേയാണ് മാലിക്കിന്റെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.

‘ബാബര്‍ അസം ഒരു മികച്ച ബാറ്ററാണ്. പക്ഷേ അദ്ദേഹത്തിന്റെ നേതൃഗുണവും ബാറ്റിംഗ് കഴിവും ഒരേ സ്‌കെയിലില്‍ വെച്ച് അനീതി ചെയ്യുന്നു. ക്യാപ്റ്റന്‍ റോളില്‍ നിന്ന് പടിയിറങ്ങി തന്റെ ബാറ്റിംഗില്‍ മാത്രം ഒതുങ്ങുന്നത് ബാബര്‍ അസമിനെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ റെക്കോഡുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കും- മാലിക് പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരെ അടുത്തിടെ അവസാനിച്ച പരമ്പരയില്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ക്ക് വിശ്രമം നല്‍കാന്‍ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. പകരം ഷദാബ് ഖാനാണ് ടീമിനെ നയിച്ചത്.

എന്നിരുന്നാലും, മെന്‍ ഇന്‍ ഗ്രീന്‍ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 2-1 ന് തോറ്റു. നിലവില്‍ ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയുടെ മധ്യത്തിലാണ് പാക് ടീം.