അയര്‍ലന്‍ഡില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ സിതാന്‍ശു കോട്ടക്, ആള് ചില്ലറക്കാരനല്ല

ആഗസ്റ്റ് 18 വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയില്‍ ടീം ഇന്ത്യ അയര്‍ലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുകയാണ്. സീനിയര്‍ കളിക്കാര്‍ക്കു മാത്രമല്ല മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിനും ഈ പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. മുന്‍ ക്രിക്കറ്റര്‍ കൂടിയായ സിതാന്‍ശു കോട്ടകാണ് അയര്‍ലാന്‍ഡിനെതിരേ ഇന്ത്യയെ പരിശീലിപ്പിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രയുടെ മുന്‍ സൂപ്പര്‍ താരമായിരുന്നു ഇടംകൈയന്‍ ബാറ്ററായ കോട്ടക്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 130 മല്‍സരങ്ങളില്‍ നിന്നും 41.76 ശരാശരിയില്‍ 8061 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ബാറ്റിംഗില്‍ മാത്രമല്ല ബോളിങിലും കസറിയ ഓള്‍റൗണ്ടറാണ് കോട്ടക് സൗരാഷ്ട്രയ്ക്കായി 70 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

2020ലെ രഞ്ജി ട്രോഫിയില്‍ ബംഗാളിനെ വീഴ്ത്തി സൗരാഷ്ട്ര കിരീടം ചൂടിയപ്പോള്‍ തന്ത്രങ്ങളൊരുക്കിയ കോട്ടകും കൈയടി നേടിയിരുന്നു. മിടുക്ക് വൈകാതെ ഇന്ത്യന്‍ എ ടീമിന്റെ പരിശീലകസ്ഥാനത്തേക്കും കോട്ടകിനെ എത്തിച്ചു. നിലവില്‍ എ ടീമിനെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്ന കോട്ടക് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിങ് കോച്ച് കൂടിയാണ്.

പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ഓഗസ്റ്റ് 15 ന് ഡബ്ലിനിലേക്ക് പുറപ്പെടും. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ വിവിഎസ് ലക്ഷ്മണ്‍ ടീമിനൊപ്പം പോകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലക്ഷ്മണ്‍ ടീമിനെ അനുഗമിക്കില്ല. ഇതോടെയാണ് സിതാന്‍ശുവിന് നറുക്കു വീണത്.

അയലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ ജസ്പ്രിത് ബുംമ്രയാണ് നയിക്കുന്നത്. ദീര്‍ഘനാള്‍ അലട്ടിയിരുന്ന പരിക്കിന് ശേഷമാണ് ബുംമ്ര ടീമിലേക്ക് തിരിച്ചെത്തുന്നത്. ഋതുരാജ് ഗെയ്കവാദാണ് വൈസ് ക്യാപ്റ്റന്‍. ഇഷാന്‍ കിഷന് വിശ്രമം അനുവദിച്ചപ്പോള്‍ സഞ്ജു സാംസണ്‍ പ്രധാന കീപ്പറാവും.