ശാസ്ത്രി സർ എന്റെ മത്സരങ്ങൾ കാണാൻ വരണം, നിങ്ങൾ വരുന്ന ദിവസങ്ങൾ എനിക്ക് ഭാഗ്യമാണ്: സഞ്ജു സാംസൺ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 23 റൺസിന്‌ പരാജയപ്പെടുത്തി തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. മലയാളി താരം സഞ്ജു സാംസന്റെ മികവിലാണ് ചെന്നൈ കൂറ്റൻ സ്കോറിലേക്ക് എത്തിയത്.

56 പന്തുകളിൽ 15 ഫോറുകളും 4 സിക്‌സും അടക്കം 115* റൺസ് നേടി സെഞ്ചുറി തികച്ചു. നാളുകൾ ഏറെയായി മോശം ഫോമിൽ നിന്ന സഞ്ജുവിന്റെ തിരിച്ച് വരവിൽ ആരാധകർ ഡബിൾ ഹാപ്പിയാണ്. അര്‍ധ സെഞ്ചുറി പ്രകടനത്തോടെ ആയുഷ് മാത്രെയും സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. 36 പന്തില്‍ 59 റൺസെടുത്താണ് ആയുഷ് പുറത്തായത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് 15 റണ്‍സെടുത്ത് പുറത്തായപ്പോൾ ശിവം ദുബെ (10 പന്തില്‍ 20) സഞ്ജുവിനൊപ്പം പുറത്താവാതെ നിന്നു.

ഇപ്പോഴിതാ ഡല്‍ഹിക്കെതിരായ അപരാജിത സെഞ്ച്വറിക്ക് ശേഷം സഞ്ജുവിന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഐപിഎൽ സീസണിലെ ആദ്യ സെഞ്ചറി തികച്ചതിനു പിന്നാലെ രവി ശാസ്ത്രിക്കും പിച്ച് ക്യുറേറ്റർക്കും നന്ദി പറഞ്ഞിരിക്കുകയാണ് സഞ്ജു സാംസൺ.

‘അതേ സാർ, താങ്കൾക്ക് ഒരുപാട് നന്ദിയുണ്ട്. ഓരോ മത്സരത്തിന് മുൻപും നിങ്ങളെ കാണുന്നത് എനിക്ക് ഭാഗ്യമാണെന്ന് തോന്നുന്നു, അതുകൊണ്ട് ദയവായി എല്ലാ കളിയിലും വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’, മത്സരം തുടങ്ങുന്നതിനു മുൻപ് രവി ശാസ്ത്രിയുമായി സംസാരിച്ചതു സൂചിപ്പിച്ചായിരുന്നു സഞ്ജുവിന്റെ വാക്കുകൾ.