കോഹ്ലിയുമായി അന്ന് ഉടക്കി; 2018- ലെ തീരുമാനത്തെ ന്യായീകരിച്ച് രവിശാസ്ത്രി

അനേകം പ്രതിഭകളുള്ള ഇന്ത്യന്‍ ടീമില്‍ നിലവിലെ ഫോം ഒരു പ്രധാന ഘടകമാണെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി. വിദേശത്തേക്ക് പോകുമ്പോള്‍ ഫോമിലുള്ളവരെയാണ് കൊണ്ടു പോകേണ്ടതെന്നും 2018 ലെ ദക്ഷിണാഫ്രിക്കന്‍ പര്യടന കാലത്ത് ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യാ രഹാനേയെ ഒഴിവാക്കിയതിനെ ശാസ്ത്രീ ന്യായീകരിച്ചു.

ഫോമില്‍ സ്ഥിരത കാട്ടാത്തതും ദീര്‍ഘനേരം പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതും രഹാനേയുടെ ടീമിലെ സ്ഥാനം വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. 2020 ഡിസംബറിലായിരുന്നു രഹാനേ അവസാനമായി ഒരു സെഞ്ച്വറി നേടിയത്. ഓസ്‌ട്രേലിയയ്ക്ക് എതിരേ മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ടീമിനെ രഹാനേ വിജയത്തിലേക്ക് നയിച്ചു. അതിന് ശേഷം 14 കളിയില്‍ 24 ഇന്നിംഗ്‌സ് ബാറ്റ് ചെയ്തിട്ടും ഒരു തവണ പോലും മൂന്നക്കം കടക്കാന്‍ രഹാനേയ്ക്ക് കഴിഞ്ഞില്ല. നേടാനായത് 21 റണ്‍സിന്റെ ശരാശരിയും.

അതിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഇന്ത്യയിലെ ഒരു പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ നേടിയതാണ് അവസാനമായി കുറിച്ച അര്‍ദ്ധശതകം. ഇതിന്റെ പേരില്‍ അനേകം തവണയാണ് പരിശീലകനും ടീമിന്റെ നായകനും രഹാനേയ്ക്ക് അവസരം നല്‍കിയത്.

എന്നാല്‍ നാലു വര്‍ഷം മുമ്പ് സമാന സാഹചര്യം വീണ്ടും ഉണ്ടായപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പരമ്പരയില്‍ ആദ്യ ഇലവണില്‍ നിന്നും പരിശീലകന്‍ രവിശാസ്ത്രി രഹാനേയെ ഒഴിവാക്കി. പകരം അവസരം നല്‍കിയത് ചുവന്ന പന്തില്‍ അത്ര മികച്ചതല്ലാത്ത രോഹിത് ശര്‍മ്മയ്ക്കും ഇയാള്‍ 47 റണ്‍സ് അടിക്കുകയും ചെയ്തു.