ലോകകപ്പില്‍ ഇന്ത്യ തോറ്റത് പാക് അനുകൂല മുദ്രാവാക്യം മുഴക്കി ആഘോഷിച്ചു, കശ്മീരില്‍ ഏഴ് വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ തോല്‍വി ആഘോഷിച്ചതിന് ജമ്മു കശ്മീരില്‍ ഏഴ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. നവംബര്‍ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യ തോറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ, പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ചെന്നാണ് കേസ്.

സംഭവത്തില്‍ തൗഖീര്‍ ഭട്ട്, മൊഹ്സിന്‍ ഫാറൂഖ് വാനി, ആസിഫ് ഗുല്‍സാര്‍ വാര്‍, ഉമര്‍ നസീര്‍ ദാര്‍, സയ്യിദ് ഖാലിദ് ബുഖാരി, സമീര്‍ റാഷിദ് മിര്‍, ഉബൈദ് അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിലെ ഗന്ദര്‍ബാലിലുള്ള ഷേര്‍-ഇ-കശ്മീര്‍ അഗ്രികള്‍ച്ചറല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ഇവര്‍.

ഇന്ത്യയുടെ തോല്‍വി ആഘോഷിച്ചതിനും ഓസ്ട്രേലിയയ്ക്കും പാകിസ്ഥാനു വേണ്ടിയും ആഹ്ലാദപ്രകടനം നടത്തിയതിന് ഏഴുപേര്‍ക്കെതിരെ മറ്റൊരു വിദ്യാര്‍ത്ഥി നല്‍കിയ ഔദ്യോഗിക പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഹോസ്റ്റലില്‍ ഇവര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചുവെന്നും ഇത് എതിര്‍ത്ത തന്നെയും സുഹൃത്തുക്കളെയും പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന്റെ (യുഎപിഎ) പ്രസക്തമായ വകുപ്പ് (കള്‍) പ്രകാരമാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഏഴ് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.

Read more

യുഎപിഎ നിയമത്തിലെ സെക്ഷന്‍ 13, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 505, 506 വകുപ്പുകള്‍ പ്രകാരം ആണ് പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.