കഴിഞ്ഞ ഐപിഎല്‍ സീസണിനിടയില്‍ തന്നെ ഫ്രാഞ്ചൈസി വിടണമെന്ന ആഗ്രഹം സഞ്ജു സാംസണ്‍ പ്രകടിപ്പിച്ചിരുന്നെന്ന് രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമ മനോജ് ബദാലെ. സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കൈമാറിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. രാജസ്ഥാന്‍ റോയല്‍സിന്റെ മോശം സീസണായിരുന്നു കഴിഞ്ഞുപോയതെന്നും സഞ്ജു വ്യക്തിപരമായി തളര്‍ന്നുപോയിരുന്നെന്നും ബദാലെ വെളിപ്പെടുത്തി.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്താന്‍ രാജസ്ഥാന്‍ പാടുപെടുമ്പോള്‍ സഞ്ജു വൈകാരികമായി തളര്‍ന്നുപോയി. കൊല്‍ക്കത്തയില്‍ നൈറ്റ് റൈഡേഴ്സിനെതിരായ തോല്‍വിക്ക് ശേഷമാണ് ഈ സീസണോടെ ഫ്രാഞ്ചൈസി വിടാനുള്ള ആഗ്രഹം സഞ്ജു പ്രകടിപ്പിച്ചത്.
”കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി സഞ്ജു ടീം ടീം മാറുന്നതിനെക്കുറിച്ച് സംസാരിച്ചത്. സീസണിന്റെ അവസാനത്തില്‍ കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അത്. മത്സരത്തിന് ശേഷം ഞങ്ങള്‍ ഒരു മീറ്റിംഗ് നടത്തി. അദ്ദേഹം വളരെ സത്യസന്ധനായ ഒരു വ്യക്തിയാണ്. വ്യക്തിപരമായും വൈകാരികമായും അദ്ദേഹം തളര്‍ന്നിരുന്നു. ആര്‍ആറിനെക്കുറിച്ച് അദ്ദേഹത്തിന് വലിയ കരുതലുണ്ട്.
18 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സീസണ്‍ അദ്ദേഹത്തെ ഒരുപാട് കാര്യങ്ങള്‍ ചിന്തിപ്പിച്ചിരിക്കാം. ഐപിഎല്‍ കരിയറിലെ 14 വര്‍ഷത്തെ ഏറ്റവും മികച്ച ഭാഗം രാജസ്ഥാന് നല്‍കിയ ആളാണ് സഞ്ജു. സ്വയം പുതുക്കാന്‍ ഒരു പുതിയ അധ്യായം ആവശ്യമാണെന്ന് അദ്ദേഹത്തിന് തോന്നിക്കാണും.” – രാജസ്ഥാന്‍ റോയല്‍സ് അവരുടെ യൂട്യൂബ് ചാനലില്‍ പങ്കിട്ട വീഡിയോയില്‍ ബദാലെ പറഞ്ഞു.
Read more
നിലവിലെ കരാർ തുകയായ 18 കോടി രൂപയ്ക്ക് തന്നെയാണ് സഞ്ജു സിഎസ്കെയിലേക്ക് പോകുന്നത്. സഞ്ജുവിന് പകരം ചെന്നൈ സൂപ്പർ കിംഗ്സ് അവരുടെ പ്രധാന ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയെയും ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനെയും രാജസ്ഥാൻ റോയൽസിന് നൽകി.







