ഈ കളിയും കൊണ്ട് ചെന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ഏഴയലത്ത് അടുപ്പിക്കില്ല, വീണ്ടും നിരാശപ്പെടുത്തി സഞ്ജു

വിജയ് ഹസാരെ ട്രോഫിയില്‍ വീണ്ടും ബാറ്റിംഗില്‍ നിരാശപ്പെടുത്തി നായകന്‍ സഞ്ജു സാംസണ്‍. ത്രിപുരയ്ക്ക് എതിരെ നടന്ന മത്സരത്തില്‍ വെറും ഒരു റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം 47.1 ഓവറില്‍ 231 റണ്‍സിന് ഓള്‍ഔട്ടാവുകയും ചെയ്തു.

അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. താരം 61 ബോളില്‍ ഒരു സിക്‌സിന്‍രെ ഏഴ് ഫോറിന്റെയും അകമ്പടിയില്‍ 58 റണ്‍സെടുത്തു. രോഹന്‍ കുന്നുമ്മല്‍ 44 റണ്‍സടിച്ചു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 95 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. തുടര്‍ന്നെത്തിയവരില്‍ സഞ്ജുവിനൊപ്പം സച്ചിന്‍ ബേബിയും (14), വിഷ്ണു വിനോദും (2) നിരാശപ്പെടുത്തി.

അഖില്‍ സ്‌കറിയയും(22), ശ്രേയസ് ഗോപാലും(41) ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ 200ലെത്തിച്ചത്. ബേസില്‍ തമ്പിയും(23) അബ്ദുള്‍ ബാസിതും(11) ചേര്‍ന്ന് നടത്തിയ പോരാട്ടം കേരളത്തെ 231ലേക്കും എത്തിച്ചു.

വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് എയില്‍ മൂന്ന് കളികളില്‍ രണ്ട് ജയവുമായി മൂന്നാം സ്ഥാനത്താണ് കേരളം. മൂന്ന് കളികളില്‍ മൂന്നും ജയിച്ച മുംബൈ ആണ് ഒന്നാമത്. രണ്ട് ജയവുമായി മികച്ച നെറ്റ് റണ്‍ റേറ്റുള്ള ത്രിപുര രണ്ടാ സ്ഥാനത്താണ്.