സഞ്ജുവിന്റെ പ്രശ്നം ഫുട്ട്‌വര്‍ക്കാണ്, ടി-20 ലോകകപ്പ് സമയത്ത് ഞാൻ കുറച്ച് ടിപ്സ് പറഞ്ഞു കൊടുത്തിരുന്നു, അതിന് ഫലം കണ്ടു: യുവരാജ് സിങ്

ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ മലയാളി താരത്തിന്റെ സംഭാരതാണ്ഡവത്തിനായിരുന്നു ആരാധകർ സാക്ഷിയായത്. നിർണായകമായ മൂന്നു മത്സരങ്ങളിലും സഞ്ജു തന്റെ മികവ് തെളിയിച്ച് ലോകകപ്പ് ഇന്ത്യക്കായി നേടിക്കൊടുത്തു. യുവരാജ് സിംഗിന്റെ പരിശീലനത്തിന് ശേഷമാണ് സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ സാധിച്ചത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഇപ്പോഴിതാ അന്നു സഞ്ജുവിനു നല്‍കിയ ഉപദേശം എന്തായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് യുവരാജ്. സ്‌പോര്‍ട്‌സ് ടോക്കിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതേക്കുറിച്ച് മനസ് തുറന്നത്.

‘2024ലെ ലോകകപ്പിനു ശേഷമായിരുന്നു അദ്ദേഹവുമായി ഞാന്‍ സംസാരിച്ചത്. സഞ്ജു, സമയമുണ്ടെങ്കില്‍ നമുക്കൊന്നു നേരില്‍ സംസാരിക്കാമെന്നായിരുന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞത്. അതിനു തയ്യാറായി സഞ്ജു എന്നെ സമീപിക്കുകയും ചെയ്തു. നിങ്ങള്‍ ഫുട്ട്‌വര്‍ക്ക് മെച്ചപ്പെടുത്തിയേ തീരൂവെന്നായിരുന്നു ഞാന്‍ പറഞ്ഞത്’

‘ഫുട്ട്‌വര്‍ക്കില്‍ വേണ്ടത്ര മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ നിങ്ങള്‍ക്കു സ്ഥിരമായി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. റണ്‍സ് നേടുന്നതും, നേടാതിരിക്കുന്നതും വ്യത്യസ്തമായ കാര്യമാണ്. പക്ഷെ ഫുട്ട്‌വര്‍ക്ക് തീര്‍ച്ചയായും മെച്ചപ്പെടുത്തിയേ തീരൂ. എങ്ങനെ അതു ചെയ്യാമൈന്നു ചില ഐഡിയകളും ഞാന്‍ നല്‍കിയിരുന്നു. അതിനു ശേഷം വീണ്ടും അവസരങ്ങള്‍ ലഭിച്ചപ്പോള്‍ മികച്ച പ്രകടനങ്ങള്‍ കാണാന്‍ സാധിക്കുകയും ചെയ്തു’ യുവരാജ് സിങ് പറഞ്ഞു.