ഇപ്പോൾ നടക്കുന്ന ഐപിഎലിൽ മികച്ച തുടക്കം ലഭിക്കാത്ത ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ്. മലയാളി താരം സഞ്ജു സാംസൺ അടക്കം മികച്ച താരങ്ങളുള്ള ടീമാണ് ചെന്നൈ. എന്നാൽ ഐപിഎലിൽ ഇത് വരെയായി രണ്ട് മത്സരങ്ങൾ മാത്രമാണ് ടീമിന് വിജയിക്കാൻ സാധിച്ചത്. നായകനായ റുതുരാജ് ഗെയ്ക്‌വാദിന്റെ മോശമായ ബാറ്റിംഗ് പ്രകടനവും ക്യാപ്റ്റൻസിയുമാണ് ടീം തോല്കുന്നതിന്റെ പ്രധാന കാരണമായി ആരാധകർ വിലയിരുത്തുന്നത്.
ഇപ്പോഴിതാ ചെന്നൈ സൂപ്പർ കിംഗ്സിന് എം എസ് ധോണിയെ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയം ഇതാണെന്ന് പറഞ്ഞിരിക്കുകയാണ് മുംബൈ ഇന്ത്യൻസിന്റെ മുൻ താരം ആദിത്യ താരെ. മലയാളി താരം സഞ്ജു സാംസണിന്റെ വിക്കറ്റ് കീപ്പിങ്ങിനെ ബഹുമാനിച്ചു കൊണ്ട് തന്നെയാണ് താനിത് പറയുന്നതെന്നും ഈ ഘട്ടത്തില്‍ ധോണിയെ പോലൊരു താരത്തെയാണ് ചെന്നൈയ്ക്ക് അത്യാവശ്യമെന്നും താരെ ജിയോസ്റ്റാറിനോട് പറഞ്ഞു.
‘ചെന്നൈ സൂപ്പർ കിംഗ്സിന് എപ്പോഴത്തെക്കാളും കൂടുതൽ ഇപ്പോൾ എം എസ് ധോണിയെ ഇപ്പോൾ ആവശ്യമാണ്. ധോണി 20 ഓവറും വിക്കറ്റ് കീപ്പിങ് ചെയ്യണമെന്നാണ് വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നത്. കാരണം സ്റ്റമ്പിന് പിന്നിൽ അദ്ദേഹം വളരെ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. സഞ്ജു സാംസണിന്റെ വിക്കറ്റ് കീപ്പിംഗിനെ കുറച്ചു കാണുകയോ അദ്ദേഹത്തെ അനാദരിക്കുകയോ ചെയ്യുകയയല്ല, പക്ഷേ ധോണിയുടെ ആ അനുഭവസമ്പത്ത് അവിടെ അത്യാവശ്യമാണ്’, താരെ അഭിപ്രായപ്പെട്ടു.
Read more
‘ചെന്നൈ നിരയിൽ ഒരുപാട് യുവതാരങ്ങളുണ്ട്. ടീമിൽ അരങ്ങേറ്റം കുറിച്ച കാർത്തിക് ശർമ, പ്രശാന്ത് വീർ എന്നിവർക്ക് മാഹി ഭായിയെപ്പോലെ അനുഭവസമ്പത്തുള്ള ഒരാളുടെ മാർഗനിർദ്ദേശം ആവശ്യമാണ്. ഈ രണ്ട് കളിക്കാരിലും ടീം വലിയ വിശ്വാസമാണ് അർപ്പിച്ചിട്ടുള്ളത്. എന്നാൽ ടീമിൽ ധോണി ഉണ്ടെങ്കിൽ അദ്ദേഹത്തെ തീർച്ചയായും കളിപ്പിക്കണം. ധോണിയുടെ സാന്നിധ്യം കാർത്തിക്കിനും പ്രശാന്തിനും സമ്മർദ്ദം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കും’, മുൻ മുംബൈ ഇന്ത്യൻസ് താരം കൂട്ടിച്ചേർത്തു.







