സഞ്ജുവിനോട് മാത്രമെന്താ ടീം ഇന്ത്യയ്ക്ക് ഈ വേര്‍തിരിവ്; വിമര്‍ശനവുമായി പാകിസ്ഥാന്‍ മുന്‍ താരം

ഇന്ത്യന്‍ ടീമിനുള്ളില്‍ സഞ്ജു സാംസണിനോട് മാത്രമായി മാനേജ്‌മെന്റ് വേര്‍തിരിവ് കാട്ടുകയാണെന്ന് പാകിസ്ഥാന്‍ മുന്‍ താരം കമ്രാന്‍ അക്മല്‍. ഫിനിഷറെന്നത് സഞ്ജുവിന് ഒട്ടും അനുയോജ്യമല്ലാത്ത ബാറ്റിംഗ് പൊസിഷനാണെന്നും പരീക്ഷണങ്ങള്‍ നല്ലതാണെങ്കിലും മികച്ച മുന്നൊരുക്കം അതിനായി നടത്തേണ്ടതായുണ്ടെന്നും അക്മല്‍ ചൂണ്ടിക്കാട്ടി.

സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ ആറാം നമ്പറില്‍ കളിക്കുന്നത് കണ്ടിട്ടുണ്ടോ? അവന്‍ ടോപ് ഫോറിലാണ് ബാറ്റു ചെയ്യാറ്. അവന് അവിടെയാണ് ഇന്ത്യ അവസരം നല്‍കേണ്ടത്. രോഹിത് ശര്‍മയേയും വിരാട് കോലിയേയും ഫിനിഷര്‍ റോളില്‍ കളിപ്പിച്ചാല്‍ എങ്ങനെയിരിക്കും. ഒന്നോ രണ്ടോ മത്സരത്തില്‍ തിളങ്ങിയാലും ആ റോളില്‍ സ്ഥിരതയോടെ മുന്നോട്ട് പോകാനാവില്ല.

ഇന്ത്യ റണ്‍സ് പിന്തുടരുന്ന മത്സരങ്ങളില്‍ ഇന്ത്യയുടെ പരിശീലകനും ക്യാപ്റ്റനുമെല്ലാം അമിത ആത്മവിശ്വാസം കാട്ടുന്നുണ്ടെന്നാണ് കരുതുന്നത്. പിച്ചിനനുസരിച്ച് കളിക്കണം. പരീക്ഷണങ്ങള്‍ നല്ലതാണെങ്കിലും മികച്ച മുന്നൊരുക്കം അതിനായി നടത്തേണ്ടതായുണ്ട്- അക്മല്‍ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20യില്‍ സഞ്ജുവിനെ ഇന്ത്യ പ്ലേയിംഗ് 11 ഉള്‍പ്പെടുത്തിയെങ്കിലും ഫിനിഷര്‍ റോളാണ് നല്‍കിയത്. സഞ്ജുവിന് കളിച്ച് ശീലമില്ലാത്ത ബാറ്റിംഗ് പൊസിഷനാണിത്. 12 പന്ത് നേരിട്ട് 12 റണ്‍സുമായി സഞ്ജു നിരാശപ്പെടുത്തുകയും ചെയ്തു.