സഞ്ജുവാണ് ചെന്നൈയുടെ നട്ടെല്ല്, അവന്റെ ബാറ്റിംഗ് കരുത്ത് എടുത്തു പറയേണ്ടതാണ്: ഋതുരാജ് ഗെയ്ക്‌വാദ്

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 8 വിക്കറ്റ് ജയം. ഇതോടെ ചെന്നൈയുടെ പ്ലെഓഫ് സാധ്യതകൾ കൂടി. മലയാളി താരം സഞ്ജു സാംസന്റെ മികവിലാണ് ചെന്നൈക്ക് വിജയിക്കാൻ സാധിച്ചത്.

52 പന്തില്‍ 87 റണ്‍സെടുത്ത സഞ്ജു ഇന്നിങ്‌സില്‍ ആറുസിക്‌സും ഏഴ് ഫോറും നേടി. സഞ്ജുവിനൊപ്പം കാര്‍ത്തിക് ശര്‍മയും പോരാടി. 31 പന്തില്‍ കാര്‍ത്തിക് ശര്‍മ നേടിയത് 41 റണ്‍സ്. രണ്ടുസിക്‌സും നാലുഫോറും ഇന്നിങ്‌സിലുണ്ടായിരുന്നു. ഉര്‍വില്‍ പട്ടേലും രണ്ടു സിക്‌സുകളോടെ 17 റണ്‍സെടുത്തു. ഇപ്പോഴിതാ സഞ്ജുവിന്റെ മികവിനെയും ടീമിന്റെ പ്രകടനത്തെയും വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് നായകൻ ഋതുരാജ് ഗെയ്ക്‌വാദ്.

‘സഞ്ജു സാംസണ്‍ നന്നായി കളിച്ചു. ടീമിലെ എല്ലാവരും മികച്ച പ്രകടനമാണ് നടത്തുന്നത്. ബാറ്റങ്ങില്‍ സഞ്ജുവിന്റെ കരുത്താണ് പ്രധാനം. അദ്ദേഹം ഞങ്ങളുടെ നട്ടെല്ലാണ്. ബൗളര്‍മാരുടെ മികവും എടുത്തുപറയേണ്ടതാണ്. അകീല്‍ ഹുസൈനും ജാമി ഓവര്‍ട്ടണും ഉള്‍പ്പടെ മികച്ച രീതിയില്‍ പന്തെറിയുന്നു. ഇതെല്ലാം ടീമെന്ന നിലയില്‍ പുരോഗതി കൈവരിക്കാനിടയാക്കുന്നു -ഗെയ്ക്വാദ് മത്സരശേഷം പറഞ്ഞു.