സഞ്ജു ബെഞ്ചിൽ തന്നെ, ബിസിസിഐ ഒരുപാട് അവസരങ്ങൾ അവന് കൊടുത്തു കഴിഞ്ഞു: സുനിൽ ഗവാസ്കർ

ന്യുസിലാൻഡിനെതിരെ നടന്ന അവസാന ടി-20 മത്സരത്തിൽ ഇന്ത്യക്ക് 46 റൺസിന്‌ വിജയിച്ചിരുന്നു. ഇതോടെ പരമ്പര 4 -1 നു ഇന്ത്യ സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ തകർപ്പൻ സെഞ്ചുറിയാണ് നേടിയത്. കൂടാതെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അർധ സെഞ്ചുറിയും ഹാർദിക്‌ പാണ്ട്യ, അഭിഷേക് ശർമ്മ റിങ്കു സിങ്, ശിവം ദുബൈ എന്നിവർ മികച്ച പ്രകടനവും കാഴ്ച വെച്ചു.

പരമ്പരയിൽ മോശം പ്രകടനം കാഴ്ച വെച്ച സഞ്ജു സാംസണെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യയുടെ മുൻതാരം സുനില്‍ ഗവാസ്‌കര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണ്ണായകമായ അഞ്ചാം ടി20 മത്സരത്തില്‍ സഞ്ജു പരാജയപ്പെട്ടതിന് പിന്നാലെയാണ് ഗവാസ്‌കറുടെ വിമര്‍ശനം.

‘സഞ്ജു സാംസണ്‍ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ഫോമിലല്ല. ഫോമില്ലാത്തതും സഞ്ജുവിന്റെ കഴിവും തമ്മില്‍ യാതൊരു ബന്ധവുമില്ല. എങ്കിലും ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ റിസ്‌കെടുക്കാന്‍ സാധിക്കില്ല’, ഗവാസ്‌കര്‍ പറഞ്ഞു.

Read more

‘സഞ്ജുവിന് മതിയായ അവസരങ്ങള്‍ സെലക്ഷന്‍ കമ്മിറ്റി നല്‍കി കഴിഞ്ഞു. അഞ്ച് ഇന്നിങ്ങ്‌സുകളില്‍ നിന്ന് ആകെ 46 റണ്‍സാണ് സഞ്ജു നേടിയത്. 24 റണ്‍സാണ് പരമ്പരയിലെ ഉയര്‍ന്ന സ്‌കോര്‍. സഞ്ജുവിന്റെ ആത്മവിശ്വാസകുറവാണ് ഇത് സൂചിപ്പിക്കുന്നത്. തിലക് വര്‍മ പൂര്‍ണ്ണ കായികക്ഷമത കൈവരിച്ചാല്‍ ഫെബ്രുവരി 7ന് അമേരിക്കക്കെതിരെ സഞ്ജു പ്ലേയിങ് ഇലവനില്‍ കളിക്കുമെന്ന് ഞാന്‍ കരുതുന്നില്ല’, ഗവാസ്‌കര്‍ കൂട്ടിച്ചേർത്തു.