സഞ്ജുവൊന്നും ടി 20 യിൽ വിക്കറ്റ് കീപ്പറായി വേണ്ട, അതിന് യോഗ്യൻ പന്ത് തന്നെ; മലയാളി താരത്തിന് പാരയുമായി പ്രഗ്യാൻ ഓജ

സഞ്ജു സാംസൺ തൻ്റെ അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ടി20 സെഞ്ച്വറികളാണ് അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് മത്സരങ്ങളുടെ പരമ്പരയിൽ, ആദ്യ മത്സരത്തിലും അവസാന മത്സവത്തിലും സെഞ്ച്വറി നേട്ടങ്ങൾ കൈവരിച്ച് താരം ഞെട്ടിച്ചു. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മൂന്നാം ടി 20 യിലെ തകർപ്പൻ സെഞ്ച്വറി നേട്ടത്തോടെയാണ് താരം കുതിപ്പ് തുടങ്ങിയത്.

എന്തായാലും കരിയറിലെ ഏറ്റവും മികച്ച ടി 20 റാങ്കിങ് ആയ 21 ആ, സ്ഥാനത്താണ് സഞ്ജു ഇപ്പോൾ നിൽക്കുന്നത്. വൈറ്റ് ബോൾ ഫോർമാറ്റിൽ ഇന്ത്യൻ ടീമിൽ ഒരു സ്ഥിരാവസരത്തിന് സഞ്ജു ശ്രമിക്കുമ്പോൾ സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ താരത്തെ സഹായിക്കും എന്ന് ഉറപ്പാണ്. എന്തായാലും സഞ്ജുവിന് അത്ര ഹാപ്പിയല്ലാത്ത ഒരു വാർത്തക്കൊപ്പം ഋഷഭ് പന്തിനെ പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സഞ്ജുവിന് പകരം പന്ത് ആണ് ടി 20 ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തിന് യോഗ്യൻ. അതിന് അദ്ദേഹം പറയുന്ന കാരണം ഇങ്ങനെയാണ്: “ടി20 ഫോർമാറ്റിലെ ബാറ്റിങിനെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. വിക്കറ്റ് കീപ്പിങിന്റെ കാര്യമെടുത്താൽ ഞാൻ തിരഞ്ഞെടുത്തുക റിഷഭ് പന്തിനെയായിരിക്കും. റിഷഭ് ടീമിലുണ്ടെങ്കിലും സഞ്ജു സാംസണിനു ബാറ്ററായി വേണമെങ്കിൽ കളിക്കാം. വിക്കറ്റ് കീപ്പർ റോളിലേക്കു ടി20യിൽ ഞാൻ ആദ്യം തിരഞ്ഞെടുക്കുക റിഷഭിനെയായിരിക്കും. അദ്ദേഹത്തിനു ജൻമസിദ്ധമായ ചില കഴിവുണ്ട്. റിഷഭിൽ സ്‌പെഷ്യലായി എന്തൊക്കെയോ ചില കാര്യങ്ങളുണ്ടെന്നു തന്നെ എനിക്കു തോന്നുന്നു. ഇതിനെ എക്‌സ് ഫാക്ടർ എന്ന് നമുക്ക് വിശേഷിപ്പിക്കാം” ഓജ പറഞ്ഞു.

പന്തിനെ സംബന്ധിച്ച് ചില തീപ്പൊരി പ്രകടനങ്ങൾ മാറ്റി നിർത്തിയാൽ ശരാശരിക്ക് താഴെ മാത്രമാണ് ടി 20 യിലെ പ്രകടനം. സഞ്ജുവും ഇഷാനും അടക്കമുള്ള താരങ്ങളുമായി താരതമ്യപ്പെടുത്തിയാലും അത് വളരെ പുറകിലാണ്. അതിനാൽ തന്നെ പന്തിനെ ടി 20 യിൽ അത്രയൊന്നും കാണാറില്ല. അതേസമയം വരാനിരിക്കുന്ന പരമ്പരകളിൽ മികവ് കാണിക്കാൻ സഞ്ജുവിന് സാധിച്ചില്ല എങ്കിൽ പന്തിനെ വീണ്ടും ഇന്ത്യൻ വൈറ്റ് ബോൾ ജേഴ്സിയിൽ കാണാൻ സാധിക്കും.