ശക്തമായ ബാറ്റിംഗ് നിരയ്ക്കിടയില്‍ സഞ്ജുവിനെ തിരികി കയറ്റാനാവില്ല: വസീം ജാഫര്‍

ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ് നിരയ്ക്കിടയില്‍ സഞ്ജു സാംസണിനെ ടോപ് ഓഡറിലേക്ക് തിരികി കയറ്റാനാവില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. സഞ്ജുവിനെ ഇന്ത്യ ടോപ് ഓഡറില്‍ കളിപ്പിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നും അങ്ങനെ കളിപ്പിക്കുന്നത് പ്രയാസമാണെന്നും ജാഫര്‍ പറഞ്ഞു.

സഞ്ജു സാംസണ്‍ 3, 4 നമ്പറുകളിലൊക്കെ കളിക്കാന്‍ സാധിക്കുന്ന താരമാണ്. ഐപിഎല്ലില്‍ ഈ റോളിലെല്ലാം കളിച്ച് സഞ്ജു മികവ് കാട്ടിയിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യയുടെ ശക്തമായ ബാറ്റിങ് നിരയ്ക്കിടയില്‍ സഞ്ജുവിനെ ടോപ് ഓഡറിലേക്ക് തിരികി കയറ്റാനാവില്ല. ഒരു അധിക ബാറ്റ്സ്മാനെ കൂടി ഇന്ത്യ കളിപ്പിക്കുമ്പോള്‍ സഞ്ജുവിന് പിന്നോട്ടിറങ്ങേണ്ടി വരും- ജാഫര്‍ പറഞ്ഞു.

യശ്വസി ജയ്സ്വാള്‍ ഓപ്പണറായി കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇഷാന്‍ കിഷന് വിശ്രമം നല്‍കി ജയ്സ്വാളിനെ കളിപ്പിക്കാം. ഇഷാന്റെ ടി20യിലെ പ്രകടനം എനിക്ക് വലിയ പ്രതീക്ഷ നല്‍കുന്നതല്ല. അവസാന 15 ഇന്നിങ്സില്‍ ഒരു തവണയാണ് 40 പ്ലസ് സ്‌കോര്‍ നേടാന്‍ അവന് സാധിച്ചത്. സ്ട്രൈക്കറേറ്റും മോശം. ഇഷാനെ ഏകദിനത്തിലേക്ക് കൂടുതല്‍ പരിഗണിക്കുന്നതാണ് നല്ലത്- ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20യില്‍ സഞ്ജുവിനെ ഇന്ത്യ പ്ലേയിംഗ് 11 ഉള്‍പ്പെടുത്തിയെങ്കിലും ഫിനിഷര്‍ റോളാണ് നല്‍കിയത്. സഞ്ജുവിന് കളിച്ച് ശീലമില്ലാത്ത ബാറ്റിംഗ് പൊസിഷനാണിത്. 12 പന്ത് നേരിട്ട് 12 റണ്‍സുമായി സഞ്ജു നിരാശപ്പെടുത്തുകയും ചെയ്തു.