'അവന്‍ ഭാവി താരം, കൈവിട്ടു കളയരുത്'; റോയല്‍സിനോട് മഞ്ജരേക്കര്‍

യുവതാരം യശ്വസി ജയ്‌സ്വാളിനെ രാജസ്ഥാന്‍ റോയല്‍സ് ഒരിക്കലും കൈവിട്ട് കളയരുതെന്ന് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ജയ്‌സ്വാള്‍ ഭാവി താരമാണെന്നും ടീമിന് ഏറെ നാള്‍ അവന്‍ ഉപകാരപ്പെടുമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

‘ഓപ്പണറെന്ന നിലയില്‍ നിലനിര്‍ത്തേണ്ട താരമാണ് ജയ്സ്വാള്‍. നിലനിര്‍ത്തപ്പെട്ട താരമാണവന്‍. ഇപ്പോള്‍ ഫോമിലേക്കും മടങ്ങിയെത്തിയിരിക്കുന്നു. രാജസ്ഥാന് ദീര്‍ഘനാളത്തേക്കായി പരിഗണിക്കാവുന്ന താരമാണ് സഞ്ജയ്.’

‘എന്നാല്‍ ആശങ്ക ദേവ്ദത്ത് പടിക്കലിനാണ്. മധ്യനിരയിലേക്കിറങ്ങുന്നത് യുവതാരത്തിന്റെ വളര്‍ച്ചയെ ബാധിക്കും. രാജസ്ഥാന്‍ ഹെറ്റ്മെയറുടെ അഭാവത്തില്‍ ഫിനിഷറെ വേണം. ഡാരില്‍ മിച്ചലിനെ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ജിമ്മി നിഷാം മാത്രമാണ് ഇനി രാജസ്ഥാന്റെ മുന്നിലുള്ള വഴി’ മഞ്ജരേക്കര്‍ പറഞ്ഞു.

മെഗാ ലേലത്തിന് മുമ്പ് രാജസ്ഥാന്‍ നിലനിര്‍ത്തിയ താരങ്ങളിലൊരാള്‍ ജയ്‌സ്വാളായിരുന്നു. 20 കാരനായ താരം കഴിഞ്ഞ സീസണിലും ടീമിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സീസണില്‍ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയതിനെ തുടര്‍ന്ന് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായ താരം വീണ്ടും അവസരം വന്നു ചേര്‍ന്നപ്പോള്‍ അത് മുതലാക്കുകയും ചെയ്തിരുന്നു.

Read more

ആദ്യ മൂന്ന് ഇന്നിംഗ്സില്‍ 20, 1, 4 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. ശേഷം മടങ്ങിവരവില്‍ പഞ്ചാബ് കിംഗ്സിനെതിരേ 68 റണ്‍സാണ് താരം അടിച്ചെടുത്തത്.