സച്ചിന്‍റെ ജീവിതം മാറ്റിമറിച്ച 'ഒരു റണ്‍', ക്രിക്കറ്റിന്റെ മുഖച്ഛായ എന്നെന്നേക്കുമായി മാറ്റിയ യാത്രയുടെ ആരംഭം ഇങ്ങനെ

തന്റെ ജീവിതത്തിലെ ആദ്യ മത്സരത്തിന് ഇറങ്ങാന്‍ പോവുകയാണ് അദ്ദേഹം. കളിയ്ക്ക് സാക്ഷിയാകാന്‍ അദ്ദേഹം തന്റെ കൂട്ടുകാരെയും ക്ഷണിച്ചു. എന്നാല്‍ തന്റെ പ്രിയ സുഹൃത്തിന്റെ പ്രകടനം കണ്ട് ആഹ്ലാദിക്കാന്‍ പോയ കൂട്ടുകാര്‍ നിരാശരായാണ് വീടുകളിലേക്ക് മടങ്ങിയത്. കാരണം തങ്ങളുടെ സുഹൃത്തായ ബാറ്റര്‍ മത്സരത്തില്‍ ഡക്കിന് പുറത്തായി.

‘കോളനിയിലെ പ്രധാന ബാറ്റര്‍’ ആയിരുന്ന അയാള്‍ തന്റെ സുഹൃത്തുക്കളോട് ചില ഒഴികഴിവുകള്‍ പറയുകയും പുറത്തായത് തന്റെ തെറ്റല്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. അതേ സുഹൃത്തുക്കള്‍ രണ്ടാം മത്സരത്തിനായി ഗ്രൗണ്ടില്‍ തടിച്ചുകൂടി. പക്ഷേ, വീണ്ടും അവരെ ഞെട്ടിച്ച് അദ്ദേഹം പൂജ്യത്തിന് പുറത്തായി.

മൂന്നാമത്തെ കളിക്ക് പക്ഷേ, അയാള്‍ ആരേയും വിളിച്ചില്ല. ഇത്തവണയെങ്കിലും ഭാഗ്യം തന്നെ തുണയ്ക്കുമെന്ന് അയാള്‍ കരുതിയിരുന്നു. ഒരു റണ്‍ നേടിയെടുക്കുക മാത്രമാണ് അയാള്‍ക്ക് ചെയ്യാനായത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ പൂര്‍വ്വകാലമാണ് ഈ കഥ.

ക്രിക്കറ്റില്‍ ഒരു റണ്‍ നേടുന്നതിന്റെ പ്രധാന്യവും തന്റെ ജീവിതത്തില്‍ താന്‍ കടന്നുവന്ന വഴികളും സച്ചിന്‍ തന്നെയാണ് ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് (ഐഎസ്പിഎല്‍) പോരാട്ടങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ വെളിപ്പെടുത്തിയത്.

ആ ‘ഒരു റണ്ണില്‍’ സച്ചിന്‍ ആശ്വാസം കണ്ടെത്തി. സന്തോഷത്തോടെ ഗ്രൗണ്ടില്‍ നിന്ന് മടങ്ങി, ക്രിക്കറ്റിന്റെ മുഖച്ഛായ എന്നെന്നേക്കുമായി മാറ്റിയ ഒരു യാത്രയുടെ തുടക്കമായിരുന്നു അത്.