കിവീസിന് എതിരായ ടി20 പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് തിരിച്ചടി; സൂപ്പര്‍ താരം പിന്മാറി

ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കെ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യന്‍ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിന് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര മുഴുവന്‍ നഷ്ടമായേക്കും. കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്മാറ്റം.

ചൊവ്വാഴ്ച ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ച റാഞ്ചിയില്‍ റിപ്പോര്‍ട്ട് ചെയ്യാനിരിക്കെ, വലതു കൈത്തണ്ടയിലെ വേദന അദ്ദേഹം ബിസിസിഐ മെഡിക്കല്‍ ടീമിനെ അറിയിക്കുകയായിരുന്നു. എന്നിരുന്നാലും, ബിസിസിഐ താരത്തിന് പകരക്കാരനെ വിളിക്കാന്‍ സാധ്യതയില്ല. മൂന്ന് ഓപ്പണര്‍മാരാണ് ഇന്ത്യക്ക് ടീമിലുള്ളത്. പൃഥ്വി ഷായാണ് തിരിച്ചുവരവില്‍ മുന്നില്‍.

അതെ, കൈത്തണ്ടയ്ക്ക് പരിക്കേറ്റ ഋതുരാജ് എന്‍സിഎയിലാണ്. അത് ഗുരുതരമാണോ എന്ന് ഞങ്ങള്‍ക്ക് ഇതുവരെ അറിയില്ല. എന്നാല്‍ മത്സരങ്ങള്‍ക്കുള്ള കുറഞ്ഞ സമയം കണക്കിലെടുക്കുമ്പോള്‍, അദ്ദേഹത്തിന് കൃത്യസമയത്ത് സുഖമാകാന്‍ സാധ്യതയില്ല. അവന്‍ സ്‌കാനിംഗിന് വിധേയനാകുന്നുണ്ട്. ആ റിപ്പോര്‍ട്ടു വന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകും. ഞങ്ങള്‍ക്ക് ഇതിനകം 4-5 ഓപ്പണര്‍മാരുണ്ട്. എന്നാല്‍ പകരക്കാരനെ തിരഞ്ഞെടുക്കേണ്ടത് സെലക്ടര്‍മാരാണ്- ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലും ഋതുരാജിന് കൈത്തണ്ടയ്ക്ക് പരിക്കേറ്റിരുന്നു. ഇഷാന്‍ കിഷനൊപ്പം ശുഭ്മാന്‍ ഗില്‍ ഓപ്പണ്‍ ചെയ്തതിനാല്‍ ഇത്തവണ ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ താരത്തിന് ഇടം ലഭിച്ചില്ല.