നിങ്ങളുടെ ഈഗോയാണോ മത്സരം ജയിക്കുന്നതാണോ വലുത്?; പന്തിന് എതിരെ പൊട്ടിത്തെറിച്ച് സൂപ്പര്‍ താരം

ഐപിഎല്ലില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ജയിച്ചെങ്കിലും ഡല്‍ഹി നായകന്‍ റിഷഭ് പന്തിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം ആര്‍പി സിംഗ്. മോശം ഷോട്ടിന് ശ്രമിച്ച് അശ്രദ്ധമായി പന്ത് പുറത്തായതാണ് ആര്‍പി സിംഗിനെ ചൊടിപ്പിച്ചത്.

‘നിങ്ങളുടെ ഈഗോയാണോ വലുത് മത്സരം ജയിക്കുന്നതാണോ? പഞ്ചാബിന് അനുകൂലമായി അവിടെ കളിയുടെ ഗതി തിരിഞ്ഞു. ലളിത് യാദവിനെ കുറ്റപ്പെടുത്താന്‍ നിങ്ങള്‍ക്കാവില്ല. അവന്‍ ചെറുപ്പമാണ്. പന്ത് ഉത്തരവാദിത്വം ഏറ്റെടുക്കണമായിരുന്നു. ലിവിങ്സ്റ്റണ്‍ ഒരു കെണി ഒരുക്കി, പന്ത് അതിലേക്ക് വീണു. പന്തിനെ അവിടെ ഒരു ഈഗോ പോരിലേക്ക് തള്ളിയിടുകയാണ് ലിവിങ്സ്റ്റണ്‍ അവിടെ ചെയ്തത്’ ആര്‍പി സിംഗ് വിലയിരുത്തി.

മത്സരത്തില്‍ ഡല്‍ഹി ഇന്നിംഗിലെ 11ാം ഓവറിലെ അവസാന പന്തില്‍ ലളിത് യാദവ് മടങ്ങി. പിന്നത്തെ ഓവറില്‍ ലിവിങ്സ്റ്റണിന് എതിരെ പന്ത് സിംഗിള്‍ എടുത്തു. വീണ്ടും സ്ട്രൈക്കിലേക്ക് വന്നപ്പോള്‍ താരം സിക്‌സ് നേടി. പിന്നാലെ വന്ന ഡെലിവറിയില്‍ റണ്‍അപ്പിന് ശേഷം ബോളിംഗ് ആക്ഷന്‍ പൂര്‍ത്തിയാക്കാതെ ലിവിങ്സ്റ്റണ്‍ നിന്നു. ഇതിലൂടെ പന്തിന്റെ മൂവ്മെന്റ്സ് ലിവിങ്സ്റ്റണ്‍ മനസിലാക്കി.

പിന്നെ വന്ന ഡെലിവറിയില്‍ ലിവിങ്സ്റ്റണിന്റെ കൈകളില്‍ നിന്ന് പന്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ഡല്‍ഹി ക്യാപ്റ്റന്‍ ട്രാക്കിന് പുറത്തേക്കിറങ്ങി. ലിവിങ്സ്റ്റണിന്റെ ഡെലിവറി വൈഡായി വരികയും ജിതേഷ് ശര്‍മ പന്തിനെ സ്റ്റംപ് ചെയ്യുകയും ചെയ്തു.