രോഹിത് തുടങ്ങി കോഹ്‌ലി അവസാനിപ്പിച്ചു കടുവകളുടെ കഥ കഴിഞ്ഞു, സച്ചിനിലേക്ക് ഒരുപടി കൂടി അടുത്ത് കിംഗ് കോഹ്‌ലി; ഉത്തരമില്ലാതെ ബംഗ്ലാദേശ്

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പ് 2023 ന്റെ നിലവിലെ പതിപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. ബംഗ്ലാദേശ് ഉയർത്തിയ 257 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 8 ഓവറുകൾ ബാക്കി നിൽക്കെ ലക്‌ഷ്യം കൈവരിക്കുക ആയിരുന്നു. ബംഗ്ലാദേശ് ഉയർത്തിയ ഭേദപ്പെട്ട സ്കോറിന് മുന്നിൽ പതറാതെ ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയെ സഹായിച്ചത് വിരാട് കോഹ്‌ലിയുടെ  തകർപ്പൻ സെഞ്ചുറിയും ഗില്ലിന്റെ തകർപ്പൻ അർദ്ധ സെഞ്ചുറിയുടെയും മികവിൽ ആയിരുന്നു. കോഹ്‌ലി 97 പന്തിലാണ് 103 റൺ നേടിയത്.

ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. ബംഗ്ലാദേശ് നിരയിൽ ഇന്ന് നായകൻ ഷക്കീബ് അൽ ഹസൻ കളിച്ചിരുന്നില്ല. പകരം നജ്മുൽ ഹുസൈൻ ഷാന്റോയാണ് ടീമിനെ നയിച്ചത് . ഓപ്പണിങ് വിക്കറ്റിൽ തന്സിത് ഹസൻ- ലിറ്റൻ ദാസ് സഖ്യം അവർക്ക് മികച്ച തുടക്കമാണ് നൽകിയത് . ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 93 വിക്കറ്റ് ചേർത്തു. തന്സിത് 51 റൺ നേടി വലിയ സ്കോർ ലക്ഷ്യമാക്കി കുതിക്കാൻ പോയ സമയത്ത് അദ്ദേഹത്തെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതിനിടയിൽ ഹാര്ദിക്ക് പരിക്കേറ്റ് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. പകരം താക്കൂറിനെ ഇന്ത്യക്ക് ഉപയോഗിക്കേണ്ടി വന്നു. ഇത് ബംഗ്ലാദേശിനെ സഹായിച്ചെന്ന് പറയാം.

തന്സിത് മടങ്ങിയ ശേഷം ഷാന്റോ ( 8 ). മെഹിദി ഹസൻ (3 ) എന്നിവരും വൈകാതെ മടങ്ങി. ഓപ്പണറായി ഇറങ്ങി മികച്ച അര്ധ സെഞ്ച്വറി നേടിയ ലിറ്റൻ ദാസ് ( 66 ) മടങ്ങിയ ശേഷം മുസ്ഫിഖർ- മഹമ്മദുള്ള സഖ്യം ബംഗ്ലാദേശിനെ കരകയറ്റി. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബോളറുമാർ ബംഗ്ലാദേശിനെ ആധിപത്യം സ്ഥാപിക്കാൻ അനുവദിച്ചില്ല. മുസ്ഫിഖർ 38 റൺ നേടിയപ്പോൾ മഹമ്മദുള്ള 46 റൺ നേടി. ഇന്ത്യൻ ബോളറുമാരിൽ ബുംറ സിറാജ് ജഡേജ എന്നിവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ താക്കൂർ കുൽദീപ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യൻ മറുപടിക്ക് പതിവുപോലെ മിന്നുന്ന തുടക്കം നൽകിയത് രോഹിത് ശർമ്മയുടെ ആക്രമണ മികവ് തന്നെ ആയിരുന്നു. ഇത്തവണ അദ്ദേഹത്തിന്റെ കൂടെ യുവസൂപ്പർ താരം ഗില്ലും കൂടി ചേർന്നപ്പോൾ കാര്യങ്ങൾ ഇന്ത്യയുടെ വഴിക്കായി. രോഹിത് ആക്രമിച്ചപ്പോൾ ഗിൽ ഒരേസമയം ക്ലാസും മാസുമായിരുന്നു. ആദ്യ വിക്കറ്റിൽ 89 റൺ കൂട്ടുചേർത്ത ശേഷമാണ് രോഹിത് 48 പുറത്തായത്. അർധ സെഞ്ച്വറി നേടി ഇല്ലെങ്കിലും മികച്ച ഇന്നിംഗ്സ് ആയിരുന്നു അത്. ശേഷം എത്തിയ കോഹ്‌ലി ആക്രമണ മോഡിലായിരുന്നു കളിച്ചിരുന്നത്. ഇതിനിടയിൽ ഗിൽ (53 ) പുറത്തായി. എന്നാൽ കോഹ്‌ലി വിടാൻ ഭാവം ഇല്ലായിരുന്നു. അയ്യരെയും (19 ) അദ്ദേഹം പുറത്തായ ശേഷം രാഹുലിനെയും(34) സാക്ഷിയാക്കി കോഹ്‌ലി റൺ പിന്തുടരുന്ന സമയത്തെ തന്റെ മൂല്യം കാണിച്ചു.

അവസാനം കോഹ്‌ലി സെഞ്ച്വറി നേടുമോ എന്ന സമ്മർദ്ദം മാത്രമേ ഇന്ത്യൻ ആരധകർക്ക് ഉള്ളായിരുന്നുള്ളു. താൻ എന്തുകൊണ്ടാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമെന്ന തെളിയിക്കുന്നത് ആയിരുന്നു കോഹ്‌ലി സെഞ്ച്വറിയിലേക്ക് എത്തിയ രീതി. ബംഗ്ലാദേശിനായി മെഹിദി ഹസൻ രണ്ടും ഹസൻ മഹുമൂദ് ഒരു വിക്കറ്റും വീഴ്ത്തി.