ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിക്കൊണ്ട് മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഭാവി കരിയറിനെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. 2027-ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മ കളിക്കുന്ന കാര്യത്തിൽ ബി.സി.സി.ഐയ്ക്ക് ഒട്ടും ആത്മവിശ്വാസമില്ല.
അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ രോഹിത് ശർമ്മയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, അത് പൂർണ്ണമായും വരാനിരിക്കുന്ന ഫിറ്റ്നസ് ടെസ്റ്റുകൾ വിജയിക്കുന്നതിനെ ആശ്രയിച്ചിരിക്കും. 50 ഓവർ ഫോർമാറ്റിൽ ഏറ്റവും ഉയർന്ന നിലവാരത്തിൽ കളിക്കാൻ രോഹിതിന് സാധിക്കുമോ എന്ന കാര്യത്തിൽ സെലക്ടർമാർക്ക് കടുത്ത സംശയമുണ്ട്.
ഐ.പി.എൽ 2026 സീസണിൽ ഹാംസ്ട്രിങ് പരിക്ക് മൂലം മുംബൈ ഇന്ത്യൻസിന്റെ ഒന്നിലധികം മത്സരങ്ങൾ രോഹിതിന് നഷ്ടമായിരുന്നു. അഫ്ഗാൻ പരമ്പരയ്ക്കുള്ള ടീം തിരഞ്ഞെടുപ്പിന് മുൻപ് രോഹിതിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ സെലക്ടർമാർ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, പരിക്കേറ്റതിന് ശേഷം താരം ബി.സി.സി.ഐയുടെ സെന്റർ ഓഫ് എക്സലൻസിൽ റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നതും ആശങ്ക കൂട്ടുന്നു.
Read more
“രോഹിത് ശരീരം മെലിഞ്ഞ് പാകപ്പെടുത്തിയിട്ടുണ്ടെങ്കിലും കടുത്ത അന്താരാഷ്ട്ര മത്സരങ്ങളുടെ സമ്മർദ്ദം താങ്ങാൻ അദ്ദേഹത്തിന്റെ ശരീരത്തിന് കഴിയുമോ എന്ന് ഉറപ്പില്ല. ഐ.പി.എല്ലിലെപ്പോലെ ഏകദിനത്തിൽ ‘ഇംപാക്ട് പ്ലെയർ’ നിയമമില്ല. 50 ഓവറും ഫീൽഡ് ചെയ്യേണ്ടതുണ്ട്. 40 വയസ്സിനോട് അടുക്കുമ്പോൾ ശരീരം പഴയതുപോലെ പെട്ടെന്ന് സുഖപ്പെടില്ല,” ബി.സി.സി.ഐ വൃത്തങ്ങൾ വ്യക്തമാക്കി.







