'രോഹിത്തിന്റെ ടി20 കരിയര്‍ അവസാനിച്ചു, വീണ്ടും ടീം നായകനാക്കിയത് മണ്ടത്തരം, ലോകകപ്പില്‍നിന്ന് സ്വയം പിന്മാറണം'

രോഹിത് ശര്‍മ്മ വളരെക്കാലമായി ടി20യില്‍ പരാജയമാണ്. എന്നിട്ടും അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായി സെലക്ടര്‍മാര്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ചു. വരാനിരിക്കുന്ന ടി20 മുന്നില്‍ കണ്ടായിരുന്നു ബിസിസിഐയുടെ ഈ നീക്കം. എന്നാല്‍ ഈ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതില്‍ താരം പരാജയപ്പെട്ടു.

ടി20 ക്രിക്കറ്റിലെ 14 മാസത്തെ ഇടവേളയ്ക്ക് വിരാമമിട്ടാണ് രോഹിത് ഇബ്രാഹിം സദ്രാന്‍ നയിക്കുന്ന അഫ്‌നാന്‍ ടീമിനെതിരായ മത്സരത്തിലേക്ക് വന്നത്. എന്നാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും രോഹിത് ബാറ്റിംഗില്‍ നിരാശപ്പെടുത്തി. മൊഹാലിയിലും ഇന്‍ഡോറിലും തുടര്‍ച്ചയായി രണ്ട് ഡക്കിലൂടെയാണ് അദ്ദേഹം തന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി.

രോഹിതിന്റെ പ്രകടനത്തില്‍ അതൃപ്തിയുള്ള ആരാധകര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നു. രോഹിത്തിന്റെ ടി20 കരിയര്‍ അവസാനിച്ചെന്നും വീണ്ടും ടീം നായകനാക്കിയത് മണ്ടത്തരംമായിപ്പോയെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. ഒപ്പം ടി20 ലോകകപ്പില്‍നിന്നും താരം സ്വയം പിന്മാറണമെന്നും വിമര്‍ശകര്‍ പറയുന്നു. അവസാന 10 ടി20യില്‍ നിന്ന് രോഹിത്തിന് നേടാനായത് 159 റണ്‍സാണ്. 16ല്‍ താഴെയാണ് അദ്ദേഹത്തിന്റെ ശരാശരി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഡക്കിന് പുറത്തായി നാണംകെട്ട റെക്കോഡിലേക്ക് രോഹിത് എത്തിയിരിക്കുകയാണ്. ടി20യില്‍ കൂടുതല്‍ ഡക്കാവുന്ന താരമെന്ന റെക്കോഡില്‍ കെവിന്‍ ഒബ്രിയാനൊപ്പം നിലവില്‍ രോഹിത് രണ്ടാം സ്ഥാനത്താണ്. രണ്ട് പേരും 12 തവണയാണ് ഡെക്കിന് പുറത്തായത്. 13 തവണ ഡെക്കായ പോള്‍ സ്റ്റിര്‍ലിങ്ങാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്.