'രോഹിത് ഒരു നല്ല കളിക്കാരനാണ്, പക്ഷേ...'; തുറന്നടിച്ച് ശ്രീകാന്ത്

ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറിന്റെ പല തീരുമാനങ്ങളും നേരത്തെ പറഞ്ഞതിന് വിപരീതമാണെന്ന വിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ താരം കെ ശ്രീകാന്ത്. നേരത്തെ രോഹിത് ശര്‍മയെക്കുറിച്ചും വിരാട് കോഹ്‌ലിയെക്കുറിച്ചും പറഞ്ഞ കാര്യങ്ങളില്‍ ഗംഭീര്‍ പരിശീലകനായ ശേഷം മലക്കം മറിഞ്ഞെന്നാണ് ശ്രീകാന്ത് പറയുന്നത്.

‘ഗൗതം ഗംഭീര്‍ യു ടേണ്‍ എടുത്തിരിക്കുകയാണ്. ടി20 ലോകകപ്പില്‍ തിളങ്ങിയില്ലെങ്കില്‍ രോഹിത്തും കോഹ്‌ലിയും ഇന്ത്യന്‍ ടീമിലുണ്ടാകില്ലെന്നാണ് ഗംഭീര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അവര്‍ മാച്ച് വിന്നര്‍മാരാണെന്നും ഇതിഹാസങ്ങളാണെന്നും പറയുന്നു. ഇവരില്‍ ഇനിയും ഏറെ ക്രിക്കറ്റ് ബാക്കിയുണ്ടെന്നും കഴിയുന്നിടത്തോളം കളിക്കാമെന്നും ഫിറ്റാണെങ്കില്‍ 2027ലെ ലോകകപ്പും കളിക്കണമെന്ന് പറയുന്നു- ശ്രീകാന്ത് പറഞ്ഞു.

‘രോഹിത് ഒരു നല്ല കളിക്കാരനാണ്, പക്ഷേ അവന്റെ പ്രായം ഇപ്പോള്‍ 37 ആണ്. അടുത്ത ഏകദിന ലോകകപ്പ് മൂന്ന് വര്‍ഷം കൂടി മുന്നിലാണ്. അപ്പോള്‍ അവന് 40 വയസ്സ് തികയും. നിങ്ങള്‍ക്ക് 40-കളില്‍ ലോകകപ്പ് കളിക്കാന്‍ കഴിയില്ല. അതെ, വിരാട് കോഹ്ലിക്ക് 2027 ലോകകപ്പില്‍ കളിക്കാനാകുമെന്ന് ഉറപ്പാണ്. പക്ഷേ രോഹിതിന് കഴിയില്ല. അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ തളര്‍ന്നുപോകും- ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Read more